temble
കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രത്തിലെ ആറാട്ട് കുളപ്പുര കാലപഴക്കത്താൽ ജീർണ്ണിച്ച നിലയിൽ.

കടമ്പഴിപ്പുറം: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള വായില്യാംകുന്ന് ക്ഷേത്രത്തിൽ ദേവസ്വം ഭരണസമിതിയും, ജീവനക്കാരും ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ തയ്യാറാകാതെ അനാസ്ഥ കാണിക്കുന്നതായി ആരോപണവുമായി വായില്യാംകുന്ന് ക്ഷേത്ര ഭക്തജന സമിതി രംഗത്ത്. ക്ഷേത്രത്തിലെ വടക്കേനടയിലുള്ള ആറാട്ട് കുളപ്പുര ജീർണിച്ചു തകർന്നു വീണിട്ടും പുതുക്കി പണിയാൻ തയ്യാറാകാത്തതിലും, ആറാട്ട് കുളം ചണ്ടിയും, പായലും നിറഞ്ഞു ഉപയോഗ ശൂന്യമായിട്ടും, പ്രദേശം കാടുമൂടിയ നിലയിലായിട്ടും സംരക്ഷിക്കാൻ തയ്യാറാകത്തതിലും, വഴിപാട് കൗണ്ടർ രാവിലെ തുറന്നു ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കാൻ തയ്യാറാകാത്ത ജീവനക്കാരുടെ നടപടിയിലും ഭക്തജന സമിതി പ്രതിഷേധിച്ചു.

രാവിലെ അഞ്ചിന് ക്ഷേത്രനട തുറക്കുകയും ദർശനം ആരംഭിക്കുകയും ചെയ്യുന്ന ഇവിടെ രാവിലെ 7.30ന് വഴിപാട് കൗണ്ടർ തുറക്കുന്നതെന്നും ഭക്തരുടെ പരാതിയെ തുടർന്ന് ഭക്തജന സമിതി ഭാരവാഹികൾ ക്ഷേത്രത്തിലെത്തി പ്രതിഷേധിക്കുകയും ട്രസ്റ്റീ ബോർഡ് ചെയർമാൻ എൻ.വി. ഗോപാലകൃഷ്ണനോട് പരാതി അറിയിക്കുകയും ക്ഷേത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നിരവധി ആവശ്യങ്ങൾ അടങ്ങിയ നിവേദനം അദ്ദേഹത്തിന് നൽകി.

ക്ഷേത്രത്തിൽ നാലുദിക്കിലും ലൈറ്റ് തെളിയിക്കണം, വഴിപാട് സംഖ്യ ജീവനക്കാരുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളിൽ ചെയർമാനുമായുള്ള ചർച്ചയിൽ ലഭിച്ച ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിന് പി.എ. സജീവ് കുമാർ, കെ. നിഷാദ്, എൻ. സച്ചിദാനന്ദൻ, സന്തോഷ്, അഭിലാഷ്, ഉണ്ണിക്കൃഷ്ണൻ, നാരായണൻ കുട്ടി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ആറാട്ട് കുളപ്പുര അടിയന്തര പ്രാധാന്യത്തോടെ പുനർനിർമ്മാണം പൂർത്തിയാക്കുമെന്നും ഇതിനായി ഫണ്ട് കണ്ടെത്താൻ ശ്രമം നടത്തി വരികയാണെന്നും ക്ഷേത്രക്കുളം ഉടൻ വൃത്തിയാക്കി സംരക്ഷിക്കാൻ നടപടിയെടുക്കുമെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.വി. ഗോപാലകൃഷ്ണൻ പറഞ്ഞു.