നെന്മാറ: സ്ഥിരം അപകടമേഖലയായിരുന്ന കുമ്പളക്കോട് പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി നവീകരിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കുള്ള പ്രധാന അന്തർ സംസ്ഥാന പാതയായ മംഗലം - ഗോവിന്ദാപുരം പാതയിലെ പ്രധാന പാലങ്ങളിൽ ഒന്നാണിത്. നെന്മാറ- എലവഞ്ചേരി പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പാലം കൂടിയാണിത്.
വീതി കുറഞ്ഞ വളവിൽ ഉള്ള പാലമായതിനാൽ ഭാരവാഹനങ്ങളും മറ്റും തട്ടി കൈവരികൾ തകർന്ന് മരക്കമ്പുകളും പൈപ്പുകളും ചേർത്തുകെട്ടി തടഞ്ഞു വച്ചിരിക്കുകയായിരുന്നു. പൊട്ടിയ കൈവരികൾ പുതുക്കിപ്പണിത് പ്രതിഫലന ലൈറ്റുകൾ സ്ഥാപിച്ച് പെയിന്റ് ചെയ്ത ഭംഗിയാക്കി. പാലങ്ങൾക്ക് ഇരുവശത്തും തകർന്നുപോയ സംരക്ഷണ ഭിത്തിയും പണിതു.
സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായ ഈ പാലം ഒട്ടേറെ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാലം വീതികൂട്ടി പുതുക്കി പണിയണം എന്ന ആവശ്യം ഭാരത് മാല വികസനത്തിൽ ഉൾപ്പെടുത്തി പണിയുമെന്ന് പൊതുമരാമത്ത് വൃത്തങ്ങൾ പറഞ്ഞു.