1
ശ്രീധരൻ വൈദ്യർ

കൂറ്റനാട്: ആയുർവേദത്തെയും, ആനകളെയും അതിരറ്റ് സ്‌നേഹിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ പയ്യട ശ്രീധരൻ വൈദ്യരുടേത്. ആനകളുടെ ഗന്ധവും, ആയുർവേദത്തിന്റെ സുഗന്ധവും നിറഞ്ഞ് നിന്ന തറവാടായിരുന്നു പയ്യട. മൂന്നാനകൾ തലയെടുപ്പോടെ നിന്ന തറവാട്.
പയ്യട ശ്രീധരൻ വൈദ്യരെന്ന മഹാ വൈദ്യന്റെ ആയുർവേദ ചികിത്സ തേടി ഈ തറവാട്ടിലും, തൊട്ടടുത്ത് കൂറ്റനാട്ടെ
ക്ലിനിക്കിലും എത്തിയിരുന്നവർ അനവധി. മരണം വരെ ചികിത്സാരംഗത്ത് കർമ്മനിരതനായിരുന്നു വൈര്യർ.
ആയുർവേദം, യോഗ, പ്രകൃതിചികിത്സ, പ്രത്യേക ഭക്ഷണ രീതി മുതലായവ കൊണ്ട് 81ലും വൈദ്യരുടെ ജീവിതം ഊർജ്ജസ്വലമായിരുന്നു.
20 വർഷമായി അരിഭക്ഷണം ഒഴിവാക്കി ഭക്ഷണരീതി സ്വയം തിരുത്തി എഴുതി വൈദ്യർ. 20 വർഷം മുൻപ് ഹൃദയ സംബന്ധമായ പ്രശ്നത്തെ തുടർന്നായിരുന്നു ഇത്. പ്രമേഹത്തെയും ഹൃദയത്തെയും സംരക്ഷിക്കാൻ ആയുർവേദത്തിന്റെയും, പ്രകൃതിചികിത്സയുടെയും കഠിന ചിട്ടകളെ തന്നെ ദിനചര്യയാക്കി.

പത്നി അമ്മുവിന്റെ വിയോഗവും, തൊട്ടു പിന്നാലെ കുറ്റനാട് രാജശേഖരൻ, കൂറ്റനാട് മധു എന്നീ ആനകളുടെയും മരണവും വൈദ്യരെ ഏറെ വേദനിപ്പിച്ചിരുന്നു. ശേഷം വൈദ്യർക്ക് തുണയും, സന്തോഷവും വിഷ്ണു എന്ന ആനയായിരുന്നു. അവനെ തറവാട്ടിൽ തനിച്ചാക്കിയാണ് പയ്യട ശ്രീധരൻ വൈദ്യർ ഇന്നലെ യാത്രയായത്.
എസ്.എൻ.ഡി.പിയിലൂടെ ശ്രീനാരായണീയ പ്രസ്ഥാനത്തിലും ശ്രീധരൻ വൈദ്യർ അവസാനസമയം വരെ സജീവമായിരുന്നു.