പാലക്കാട്: ചന്ദ്രനഗർ ടൗൺ ഭാഗത്തു നിന്നും ആയിരത്തിലേറെ കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നതിനാണ് ഇത് സൂക്ഷിച്ചിരുന്നതത്രെ.

ടൗൺ ഭാഗത്ത് വീട് വാടകയ്‌ക്കെടുത്ത് ഗോഡൗൺ രീതിയിൽ പ്രവർത്തിച്ചിരുന്ന പിരായിരി ചുങ്കം പൂഴിക്കുന്ന് വീട്ടിൽ സിറാജ് (30), സഹായിയും വാഹനത്തിൽ കടത്തുന്നയാളുമായ കിണാശ്ശേരി പരപ്പന വീട്ടിൽ കലാധരൻ (32) എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തിയ വൻ സംഘമാണ് പിടിയിലായത്.

പൊളളാച്ചിൽ നിന്നും 4 ലക്ഷം രൂപയ്ക്ക് നിരോധിത പുകയില വസ്തുക്കൾ എടുത്ത് 30 ലക്ഷം രുപയ്ക്ക് വരെ മറിച്ചു വിൽക്കുന്നതാണ് ഇവരുടെ രീതി. കുപ്പി വെള്ളം വിതരണം നടത്തുന്നതിന്റെ മറവിലാണ് ലഹരി വസ്തുക്കൾ കച്ചവടം നടത്തിയിരുന്നത്. പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സി. സെന്തിൽ കുമാർ, പ്രിവന്റീവ് ഓഫീസർ മാരായ വൈ. സയ്യിദ് മുഹമ്മദ്, എം.എസ്. മിനു, പി. ഷാജി, ജെ.ആർ. അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സതീഷിന് പ്രതികളെ കൈമാറി. നിരോധിത ലഹരി ഉത്പന്നമായതിനാൽ പ്രതികൾക്ക് കൂടുതൽ ശിക്ഷ ഉറപ്പ് വരുത്തുന്നതിനായി കേസ് പാലക്കാട് കസബ പൊലീസിനും കൈമാറിയിട്ടുണ്ട്.