പാലക്കാട്: ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാൻ ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴയ്ക്ക് അനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതിൽ ക്രമീകരണം വരുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. ജില്ലയിൽ മഴയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ ഒരേസമയം എല്ലായിടത്തും മഴ ഉണ്ടാവാത്തത് അനുകൂലമാണ്. ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നിയന്ത്രിച്ചാൽ ഒരു പരിധിവരെ അപകട സാദ്ധ്യത കുറയ്ക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 24 മണിക്കൂറും എക്സിക്യൂട്ടിവ് എൻജിനിയർമാരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കർശനമായി നടക്കുന്നുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട് പ്രശ്നം കുറവാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കനാലുകളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഇവ വീണ്ടും അടിഞ്ഞാൽ അടിയന്തരമായി നീക്കം ചെയ്യാൻ ജെ.സി.ബി റിസർവായി ഏർപ്പാടാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി യോഗത്തിൽ നിർദേശം നൽകി. കൂടാതെ, മുക്കൈ നിലമ്പതി, പട്ടാമ്പി തുടങ്ങിയ പാലങ്ങളിൽ ചളിയും മറ്റ് വസ്തുക്കളും അടിഞ്ഞ് കൂടുന്ന സാഹചര്യം മുന്നിൽ കണ്ട് ജില്ലയിൽ ഒരു ഫ്‌ളോട്ടിംഗ് ജെ.സി.ബി എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.

ജില്ലയിൽ വഴിയോരങ്ങളിലും മറ്റും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ അവശ്യപ്പെട്ടതിനെ തുടർന്ന് മരം മുറിക്കാൻ അടിയന്തര അനുമതി നൽകുമെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു. ഓരോ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ എം.എൽ.എ.മാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഉടനെ യോഗം ചേർന്ന് അതത് പ്രദേശത്തെ സ്ഥിതി വിലയിരുത്തി മന്ത്രിയെ അറിയിക്കാനും യോഗത്തിൽ നിർദേശിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എ.മാരായ എ.പ്രഭാകരൻ, ഷാഫി പറമ്പിൽ, പി. മമ്മിക്കുട്ടി, കെ. ബാബു, കെ.ഡി പ്രസേനൻ, മുഹമ്മദ് മുഹ്സിൻ, പി. പി സുമോദ്, കെ ശാന്തകുമാരി, കെ. പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ മൃൺമയി ജോഷി, എസ്.പി ആർ വിശ്വനാഥ്, എ.ഡി.എം. കെ. മണികണ്ഠൻ, സ്പീക്കറുടെ പ്രതിനിധി സുധീഷ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മഴ തുടരുന്ന സാഹചര്യത്തിൽ കർഷകർ നൽകുന്ന ഈർപ്പമുള്ള നെല്ല് ഉൾപ്പെടെ സംഭരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. സാധാരണ ഗതിയിൽ 17 ശതമാനം ഈർപ്പമാണ് അനുവദനീയം. മഴ തുടരുന്ന സാഹചര്യത്തിൽ 17 ശതമാനത്തിന് മുകളിൽ ഈർപ്പം വരുന്ന നെല്ല് കർഷകരും മില്ലുക്കാരും തമ്മിൽ പരസ്പര ധാരണ ഉണ്ടാക്കി സംഭരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ ഇത്തവണ പതിവില്ലാത്ത ഇടങ്ങളിൽ ഉൾപ്പെടെ കൃഷിനാശം സംഭവിച്ചതായും കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. വിള ഇൻഷ്വറൻസ് തുക, ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ധനസഹായം ലഭ്യമാക്കുക, യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്താനാകാത്തതിനാൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്താൻ ഏർപ്പാട് ഉണ്ടാക്കുക, തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, റവന്യൂ കൃഷി അധികൃതർ നാശം സംഭവിച്ച സ്ഥലം സന്ദർശിച്ച് കണക്ക് തയ്യാറാക്കി പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പാടശേഖരാടിസ്ഥാനത്തിൽ മൺകയ്യാലകൾ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ജനപ്രതിനിധികൾ മുന്നോട്ടുവച്ചു.