പാലക്കാട്: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്റുകൾ വീണ്ടും തുറക്കാനൊരുങ്ങുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമേറെ. ഈ മാസം 25 മുതലാണ് തിയ്യറ്ററുകൾ തുറക്കാൻ അനുമതി. സമ്പൂർണ അടച്ചിടലിൽ വിനോദ നികുതിയായും ഫിക്സഡ് വൈദ്യുതി ബില്ലായും നല്ലൊരു തുക തിയേറ്റർ ഉടമകൾ ചെലവാക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ ഇളവ് വേണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. സംഘടന മുഖേന സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അനുകൂല നിലപാടല്ലെങ്കിൽ തിയേറ്റർ അടച്ചിട്ട് പ്രതിഷേധിക്കാനാണ് ഉടമകളുടെ ആലോചന.
കർശന നിയന്ത്രണങ്ങളാണ് തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. ആകെ സീറ്റിന്റെ 50 ശതമാനം കാഴ്ചക്കാരെ മാത്രമേ അനുവദിക്കൂ തുടങ്ങിയ നിയന്ത്രണങ്ങളും അതിന്റെ പ്രായോഗികതയുമാണ് തിയേറ്റർ ഉടമകളെ ആശങ്കയിലാക്കുന്നത്.
വലിയ പ്രതീക്ഷകളില്ല
25 ന് തിയ്യറ്റർ തുറന്നാലും റിലീസ് സിനിമകൾ ഇല്ലാത്തതിനാൽ വലിയ പ്രതീക്ഷയില്ലെന്ന് തിയ്യറ്റർ ഉടമകൾ വ്യക്തമാക്കുന്നു. ചെറു സിനിമകൾക്ക് ആളുകൾ കയറുന്നുണ്ടോയെന്ന് നോക്കിയശേഷം മാത്രമേ ബ്രഹ്മാണ്ഡ ചിത്രങ്ങൾ റിലീസ് ചെയ്യുകയുള്ളൂവെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ അടച്ചിടലിന് ശേഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോൾ പ്രൊജക്ടർ, എ.സി. സൗണ്ട് സിസ്റ്റം എന്നിവയുടെ നവീകരണത്തിന് മാത്രമായി ലക്ഷങ്ങളാണ് ചെലവായത്. ഇപ്പോഴും ആ അവസ്ഥയുണ്ട്. ഹൗസ് ഫുൾ ഷോകൾ ലഭിച്ചില്ലെങ്കിൽ ഇനിയും കടുത്ത നഷ്ടം സഹിക്കേണ്ടിവരും. സർക്കാർ നികുതിയിളവ് പ്രഖ്യാപിക്കുകയും ഫിക്സഡ് വൈദ്യുതി ചാർജ് ഒഴിവാക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.
35 വമ്പൻ സിനിമ
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പത്തിയഞ്ചോളം ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. തിയേറ്രറിൽ ആളുകൾ എത്തിയില്ലെങ്കിൽ ഇവയിൽ പലതും ഒ.ടി.ടിയിലേക്ക് ചേക്കേറുമെന്നും വിലയിരുത്തുന്നുണ്ട്. ഭ്രമം, കാണെ കാണെ, മാലിക്ക്, ഹോം തുടങ്ങിയവ ഒ.ടി.ടിയിൽ എത്തി. പല സിനിമകളും ഒ.ടി.ടിയിൽ റിലീസ് തീയതി പ്രഖ്യാപിച്ചു.
റിലീസിന് ഒരുങ്ങുന്ന സിനിമ
• മരക്കാർ
• ഭീഷ്മപർവം
• കുറുപ്പ്
• തുറമുഖം
• കേശു ഈ വീടിന്റെ നാഥൻ
• ഈശോ
• കുഞ്ഞെൽദോ
ഉടമകളുടെ ആവശ്യങ്ങൾ
• ഫിക്‌സഡ് ചാർജ് ഇളവ്
• വിനോദ നികുതി ഇളവ്
• 6മാസം ഫിറ്റ്‌നെസ് ഇളവ്
60,0001,00,000 രൂപ വൈദ്യുതി ചാർജ്
25100 കോടി നവീകരണത്ത് വായ്പ
8.5% വിനോദ നികുതി