atapadi
അട്ടപ്പാടി തമ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇരുള ഗോത്രഭാഷയിൽ 'ഗവനമേ വെടിവ് കാല' എന്ന കൊറോണാ ബോധവത്കരണ തെരുവ് നാടകം അഗളി മിനി സിവിൽ സ്റ്റേഷനിൽ നടന്നപ്പോൾ.

അട്ടപ്പാടി: ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള യൂണിസെഫ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി തമ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ സംയുക്തമായി ഇരുള ഗോത്രഭാഷയിൽ 'ഗവനമേ വെടിവ് കാല' എന്ന കൊവിഡ് ബോധവത്കരണ തെരുവ് നാടകം അഗളി മിനി സിവിൽ സ്റ്റേഷനിൽ നടന്നു.

അട്ടപ്പാടിയിലെ ഊരുകളിലെ സാമൂഹിക പശ്ചാത്തലവും കൊവിഡും പ്രമേയമാക്കി രൂപീകരിച്ച നാടകത്തിന്റെ സംവിധാനം തകഴിക്കാരനും തിരക്കഥ രതീഷ്, ഗാനരചന വിനോദ് ഊത്തുക്കുഴിയുമാണ് ചെയ്തത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു ഉദ്ഘാടനം ചെയ്തു. തമ്പ് സംഘടന പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷനായി.

അഗളി പഞ്ചയാത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, കെ.എ. രാമു, ഡോ. പ്രഭുദാസ്, ഡോ. ജൂഡ്, സുരേഷ്, വേണുഗോപാൽ, ഡോ. സി.വി. രാജേഷ്, എസ്.എസ്. കാളിസ്വാമി എന്നിവർ പങ്കെടുത്തു. കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നാടകം അവതരിപ്പിച്ചു. തുടർ ദിവസങ്ങളിൽ അട്ടപ്പാടിയിലെ 192 ഊരുകൾ കേന്ദ്രീകരിച്ച് അരങ്ങേറും.