1
സ്‌കൂൾ തുറക്കും മുമ്പ് ... നവംമ്പർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് പാലക്കാട് കടുക്കാംകുന്നം ഗവ. ജി.എൽ.പി.സ്‌കൂളിൽ പ്രധാന അദ്ധ്യാപികയായ പി.ടി.ഷീബാദേവിയുടെ നേതൃത്വത്തിൽ അദ്ധ്യാപികമാരും രക്ഷിതാക്കളും ചേർന്ന് ബെഞ്ചും ഡെസ്‌ക്കും കഴുകി വൃത്തിയാക്കുന്നു.

പാലക്കാട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരും രക്ഷിതാക്കളും. കൊവിഡ് മഹാമാരി മൂലം നീണ്ട രണ്ടു വർഷത്തിനുശേഷമാണ് നിയന്ത്രണങ്ങളോടെ നവംബർ ഒന്നു മുതൽ തുറക്കുന്നത്. ഇതിന്റെ ഭാഗമായാണ് സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശ പ്രകാരം ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

പാലക്കാട് മലമ്പുഴ റോഡിൽ ഗവ. എൽ.പി സ്‌കൂൾ കടുക്കാംകുന്നിൽ പ്രധാന അദ്ധ്യാപക പി.ടി. ഷീബ ദേവിയുടെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റ്, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി ജനകീയ പങ്കാളിതത്തോടെ ശുചീകരണം നടന്നു. രണ്ടു ദിവസം കൊണ്ട് സ്‌കൂൾ പരിസരം, ക്ലാസ് റൂം എന്നിവ വൃത്തിയാക്കുകയും കൂടാതെ സ്‌കൂൾ പൂർണമായി അണുവിമുക്തമാക്കുകയും ചെയ്തു.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുക്കണമെന്ന് അദ്ധ്യാപികമാർ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈനിലൂടെ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. നാല് ഡിവിഷനുകളാണ് കടുക്കാംകുന്നം ഗവ. സ്‌കൂളിൽ ഉള്ളത്. ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കൾ അടങ്ങുന്നവരുടെ മീറ്റിംഗ് നടത്തിയിരിന്നു.

സ്‌കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കായി മാസ്‌ക്, സാനിസൈറ്റർ, തെർമ്മൽ സ്‌കാനർ എന്നിവയും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികൾ സ്‌കൂളിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് അധികൃതർ.