school

പാലക്കാട്: നീണ്ട രണ്ടുവർഷത്തിനുശേഷം കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെ സ്‌കൂൾ വിപണിയിൽ പ്രതീക്ഷയുമായി വ്യാപാരികൾ. ജില്ലയിലെ വിപണികളിലെല്ലാം നിലവിലെ സ്റ്റോക്കുകൾക്കു പുറമെ പുതിയ സാധനങ്ങളും എത്തിത്തുടങ്ങി. സാധാരണ രീതിയിലുള്ള കച്ചവടം ഉണ്ടാകുകയില്ലെങ്കിലും അടുത്ത ആഴ്ചയോടെ ചെറിയ തോതിലെങ്കിലും വ്യാപാരം നടക്കുന്ന ഏറെ പ്രതീക്ഷയിലാണ് കച്ചവടക്കാർ.

നിലവിൽ മഴ കച്ചവടത്തെ അൽപ്പം ബാധിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കച്ചവടം ഉണരുമെന്ന ആശ്വാസത്തിലാണ് വ്യാപാരികൾ. കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ കച്ചവടം പൂർണമായും നഷ്ടപ്പെട്ടതിനെ തുടർന്ന് സ്കൂൾ വിപണി നടത്തി വന്നിരുന്ന കച്ചവടക്കാർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പ്രധാനമായും ബാഗ് കച്ചവടത്തെ ആശ്രയിച്ചിരുന്നവർക്ക് പൂർണമായും കച്ചവടം നഷ്ടപ്പെട്ടിരുന്നു. ഇതോടൊപ്പം ലോക്ക്ഡൗണും എത്തിയതോടെ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് വ്യാപാരം വീണ്ടും തുടങ്ങിയത്.

എന്നാൽ ഈ വർഷം വൈകിയാണെങ്കിലും സ്‌കൂൾ തുറക്കാനുള്ള സർക്കാർ തീരുമാനം വ്യാപാരികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നത്. മിക്ക കച്ചവടക്കാരും കൂടുതൽ സ്റ്റോക്കുകൾ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ്. കുട്ടികളെ ആകർഷിക്കുന്ന പ്രത്യേകതകളുള്ള ബാഗും കുടയുമെല്ലാം ഈ വർഷവും ഉണ്ടാകും. അടുത്ത ആഴ്ചയിൽ കൂടുതൽ സ്റ്റോക്കുകൾ എത്തുന്നതോടെ വ്യാപാരം സജീവമാകുമെന്ന് മേഖലയിലുള്ളവർ പറഞ്ഞു.

ഭൂരിഭാഗം കടകളിലും കഴിഞ്ഞ വർഷത്തെ ബാഗ്, കുട, മറ്റു പഠനോപകരണങ്ങൾ എന്നിവ വിറ്റഴിയാതെ കിടക്കുന്നുണ്ട്. ഇവയിൽ വിൽപ്പനയ്ക്ക് പറ്റുന്നവ മാത്രം എടുത്ത് ബാക്കി പുതിയ സ്റ്റോക്ക് എത്തിച്ചിരിക്കുകയാണ് വ്യാപാരികൾ. പഴ സ്റ്റോക്കുകൾ വിറ്റഴിക്കാത്തത് വ്യാപാരികളുടെ നഷ്ടം ഇരട്ടിയാക്കുമെങ്കിലും വരാനിരിക്കുന്ന കച്ചവടത്തിന്റെ ആശ്വാസത്തിലാണ് ഭൂരിഭാഗം പേരും.

സ്കൂൾ വിപണിയിൽ ബാഗ്, കുട എന്നിവയ്ക്കു പുറമെ കൊവിഡ് സാഹചര്യമായതിനാൽ മാസ്‌ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവയും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട്. ഇവ ഏറെ അത്യാവശ്യമായതിനാൽ ആവശ്യക്കാർ ഏറുമെന്നാണ് പ്രതീക്ഷ.

രണ്ടുവർഷത്തോളം സാമ്പത്തിക പ്രതിസന്ധിയിലായ വ്യാപാരികൾക്ക് വൈകിയാണെങ്കിലും സ്‌കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം ഏറെ പ്രതീക്ഷയാണ് നൽകുന്നത്. നിലവിൽ ചെറിയരീതിയിൽ കച്ചവടം ആരംഭിച്ചിട്ടുണ്ട്. അടുത്തആഴ്ചയോടെ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.

- ഹരിദാസ് മച്ചിങ്ങൽ, മൊത്തവ്യാപാരി, പാലക്കാട്