വടക്കഞ്ചേരി: മഴ ശക്തമായതോടെ റബർ കർഷകർ പ്രതിസന്ധിയിൽ. രാത്രിയും രാവിലെയും മഴ ശക്തമാകുന്നതിനാൽ റബർ വെട്ടി പാൽ ശേഖരിക്കാനാകുന്നില്ല. വർഷങ്ങൾക്കുശേഷം റബ്ബറിന് കിലോയ്ക്ക് 170 രൂപയോളം വിപണി വിലയുള്ള സമയത്താണ് മഴ വിനയായി മാറുന്നത്.
മഴയെ പ്രതിരോധിക്കാനുള്ള പ്രതിരോധ സംവിധാനം തുടർച്ചയായ നനവു മൂലം പ്രയോജനപ്പെടുന്നില്ലെന്നാണ് കർഷകരുടെ പക്ഷം. അന്യസംസ്ഥാനത്തെയും നാട്ടിലെയും ടാപ്പിംഗ് തൊഴിലാളികൾ വാടക വീടുകളിൽ താമസിച്ചാണ് ജോലി ചെയ്യുന്നത്. എന്നാൽ മഴ മൂലം ടാപ്പിംഗ് മേഖല പ്രതിസന്ധിയിലായതോടെ വരുമാനം നിലച്ച അവസ്ഥയിലാണ്.
റബ്ബർ തോട്ടങ്ങളി ൽ പുല്ലുകൾ വളർന്ന് വലുതാകുന്നതും ബുദ്ധിമുട്ടാകുന്നു. കാട് തെളിക്കാൻ കൂലിക്ക് ആളെ വയ്ക്കുമ്പോൾ വലിയ തോതിൽ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഒന്നോ രണ്ടോ തവണയാണ് ടാപ്പിംഗ് നടക്കുന്നത്. ഇത് കർഷകർക്ക് വലിയ ധനനഷ്ടത്തിന് ഇടയാക്കുന്നു.
കൂടാതെ ലഭിച്ച റബർ ഷീറ്റുകൾ ഉണക്കാൻ മതിയായ വെയിൽ കിട്ടാത്ത അവസ്ഥയുമുണ്ട്. ഇനിയും മഴ തുടർന്നാൽ ടാപ്പിംഗ് പൂർണമായും നിറുത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ആശങ്ക. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ മഴ മൂലം മറ്റു മേഖലയിലേക്കു തൊഴിൽ തേടി പോകുന്ന സ്ഥിതിയുമുണ്ട്.