school
പുല്ലും പാഴ്‌ച്ചെടികളും വളർന്നു ഭിത്തികളും മേൽക്കൂരയും ദ്രവിച്ചു നിൽക്കുന്ന നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഡിറ്റോറിയം.

നെന്മാറ: നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്ന് ചുമരുകൾ നനഞ്ഞ് പുല്ലും പാഴ് ചെടികളും വളർന്ന് അപകടാവസ്ഥയിൽ. 40 വർഷത്തോളം പഴക്കമുള്ള സ്‌കൂളിന് മുന്നിലുള്ള ഈ കെട്ടിടം നിരവധി തവണ ജില്ലാ യുവജനോത്സവത്തിനും മറ്റ് കലാസാംസ്‌കാരിക പരിപാടികൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ഹൈസ്‌കൂൾ ആയിരുന്ന കാലം മുതൽ പ്രദേശത്തെ മിക്ക പൊതുപരിപാടികൾക്കും വേദിയായിരുന്നു ഈ ഓഡിറ്റോറിയം.

സ്കൂൾ പിന്നീട് ഹയർ സെക്കൻഡറിയാകുകയും ക്ലാസ് മുറികൾ ഹൈടെക്കും സ്മാർട്ട് ക്ലാസുകളും ആയെങ്കിലും ഓഡിറ്റോറിയത്തെ അവഗണിക്കുകയായിരുന്നു. പൊതു ഓഡിറ്റോറിയം ഇല്ലാതിരുന്ന കാലത്ത് നിരവധി കലാസാംസ്‌കാരിക പരിപാടികൾക്ക് വേദിയായിരുന്ന സ്കൂൾ ഓഡിറ്റോറിയത്തിൽ 400ലേറെ പേർക്ക് ഇരിപ്പിട സൗകര്യമുണ്ടായിരുന്നു.

സ്‌കൂളിലെ പൊട്ടിയ ബെഞ്ച്, ഡെസ്‌ക് എന്നിവ കൂട്ടിയിടുന്ന കേന്ദ്രമായി ഇതിനകം ഓഡിറ്റോറിയം മാറിയിട്ടുണ്ട്. വർഷാവർഷം സ്‌കൂൾ കെട്ടിടത്തിന് സുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങാറുണ്ടെങ്കിലും അപകടാവസ്ഥയിൽ നിൽക്കുന്ന ഈ കെട്ടിടത്തിന്റെ കാര്യത്തിൽ അധികൃതർ കണ്ണടയ്ക്കുകയായിരുന്നു. ത്രിതല പഞ്ചായത്തുകൾക്ക് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നിട്ടും ഇത്തരം ആവശ്യങ്ങൾക്ക് പൊതുഫണ്ട് ഉണ്ടായിട്ടും ഓഡിറ്റോറിയം മാത്രം അധികൃതരുടെ പരിഗണനയിൽ വന്നില്ല.

നിരവധി തവണ ത്രിതല പഞ്ചായത്തുകൾ പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് പുനരുദ്ധാരണ പദ്ധതി നടപ്പായില്ല. ഹയർ സെക്കൻഡറി സ്‌കൂൾ എന്ന നിലയിൽ സ്‌കൂൾ തലത്തിൽ നടത്താറുള്ള വിവിധ സെമിനാറുകളും കല, സാംസ്‌കാരിക ശാസ്ത്ര പ്രദർശനങ്ങളും യാത്രഅയപ്പ് തുടങ്ങിയവയ്ക്കും ഉപയോഗിക്കേണ്ട പൊതുവേദിയാണ് നാശത്തിന്റെ വക്കിൽ നിൽക്കുന്നത്.

ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ, എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, അംഗം, സ്വദേശത്തും വിദേശത്തുമുള്ള ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങി സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉന്നതനിലകളിൽ എത്തിയിട്ടും നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിലെ പ്രധാന കവാടത്തിനു മുന്നിലെ ദ്രവിച്ചു നിൽക്കുന്ന കെട്ടിടം സ്മാരകമായി നിൽക്കുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.