ചിറ്റൂർ: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിൽ വിളവെടുക്കാൻ കഴിയാതെ നെൽച്ചെടികൾ ചെളിയിൽ വീണ് കർഷകന് വൻനഷ്ടം. നല്ലേപ്പിള്ളി മൂച്ചിക്കുന്ന് പാടശേഖരം നരിച്ചിറ പാടത്തിൽ എം. രാധാകൃഷ്ണൻ പാട്ടത്തിനെടുത്ത മൂന്നേക്കർ നെൽക്കൃഷി കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വിളവെടുപ്പിനു പാകമായിരുന്നു. ദിവസങ്ങളോളം ചളിയിൽ മുങ്ങിക്കിടന്നതിനാൽ നെൽചെടികൾ മുഴുവൻ മുളച്ച് ഇപ്പോൾ ഞാറായിയിരിക്കുകയാണ്. ഇതോടെ ഇറക്കിയ വിള പൂർണമായി നശിച്ചു.
ഏക്കറിന് 15000 രൂപ പ്രകാരം പാട്ടത്തിനെടുത്ത കൃഷി പൂർണ്ണമായി നശിച്ചതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് രാധാകൃഷ്ണൻ. കൃഷിയിറക്കാൻ കിളപണി, ഉഴവുകൂലി, ഞടീൽ കൂലി, രണ്ടു പ്രാവശ്യം കളപറിച്ചത്, കീടനാശിനി പ്രയോഗം, മൂന്നു തവണകളായി രാസവളം പ്രയോഗം, ചാഴിക്കേടിന് മരുന്നടിച്ചത് ഉൾപ്പെടെ നല്ലൊരു തുകയാണ് ചെലവഴിക്കേണ്ടി വന്നത്.
വിളനശിച്ചതോടെ ഇതു മുഴുവൻ കട ബാദ്ധ്യതയായി മാറി. കൂടാതെ 45000 രൂപ പാട്ടവും നൽകേണ്ടതുണ്ട്. ഇനി കൃഷിയിടത്തിൽ വീണുമുളച്ച് കിടക്കുന്ന നെൽച്ചെടികൾ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്‌തെടുക്കാൻ കൂലി, കൊയ്‌തെടുത്തത് വീട്ടിലെത്തിക്കാൻ കടത്തുകൂലി, നെല്ല് ഉണക്കുകൂലി എന്നിവയ്ക്കും വേണം വേറെ പണം.
മൂന്ന് ഏക്കർ കൊയ്താൽ സാധാരണ ഗതിയിൽ 1800- 2000 കിലോഗ്രാം വരെ നെല്ല് ലഭിക്കുന്ന സ്ഥാനത്ത് 500- 600 കിലോഗ്രാം നെല്ലു പോലും ലഭിക്കില്ല. വയ്‌ക്കോൽ തീരെയില്ല. വിളവിറക്കി ആറു മാസക്കാലം എല്ലാ ദിവസവും പാടവരമ്പിലെത്തിയുള്ള പരിചരണവും വൃതാവിലായി. അടുത്ത കൃഷിയിറക്കി വിളവെടുപ്പ് വരെയുള്ള ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന കടുത്ത ആശങ്കയിലാണിപ്പോൾ രാധാകൃഷ്ണൻ.
ഭൂരിഭാഗം കർഷകരുടെയും സ്ഥിതി വിഭിന്നമല്ല. കേരള സർക്കാരും കൃഷി വകുപ്പും ഇൻഷ്വറൻസ് കമ്പനികളും ചേർന്ന് മുഴുവൻ കർഷകർക്കും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.
- വി. രാജൻ, കേരളാ കർഷക സംഘം മൂച്ചിക്കുന്ന് നരിച്ചിറ മേഖലാ കമ്മിറ്റി സെക്രട്ടറി