koottikkal

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി ദിവസേന കേൾക്കുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വാർത്തകളാണ്. ബ്രസീലിലെ റെക്കാർഡ് വരൾച്ച, കാലിഫോർണിയയിലെ കാട്ടുതീ, കാനഡയിലെ അത്യുഷ്ണം അങ്ങനെ പട്ടിക നീണ്ടുപോകുന്നു. നമ്മുടെ നാടും പ്രകൃതിദുരന്ത ഭീഷണിയിലാണ്.

കാലാവസ്ഥ വ്യതിയാനം മലയാളികൾ അനുഭവിച്ച് തുടങ്ങിയിട്ട് അഞ്ചോ - ആറോ വർഷങ്ങളായി. വരൾച്ച, പ്രളയം, ഉരുൾപൊട്ടൽ അങ്ങനെ അപകടപ്രദേശമായി മാറിയിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. കാലാവസ്ഥ മാറ്റമാണ് ഇതിനൊരു കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. കേരളത്തിന്റെ വികസന സമീപനങ്ങളിലും മുൻഗണനാക്രമങ്ങളിലും ഇപ്പോഴും തുടരുന്ന നിസംഗതയും അപകടങ്ങളുടെ തീവ്രത കൂട്ടുന്നുണ്ട്.

തുടർച്ചയായി നാലാംവർഷവും കേരളം അതിതീവ്രമഴയ്ക്ക് സാക്ഷിയായി. കോട്ടയം,​ ഇടുക്കി ജില്ലകളിലെ ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ മണ്ണോടുമണ്ണായി. ഈ സാഹചര്യത്തിലാണ് മാധവ് ഗാഡ്ഗിൽ 2013ൽ പങ്കുവച്ച ആശങ്ക വീണ്ടും കേരളം ചർച്ച ചെയ്യുന്നത്. 'പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു.

ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങൾ കരുതും പോലെ യുഗങ്ങൾ ഒന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി.' ഇതായിരുന്നു അന്ന് ഗാഡ്ഗിൽ പറഞ്ഞത്. അന്ന് ഈ വാക്കുകൾക്ക് നമ്മൾ ചെവികൊടുത്തിരുന്നെങ്കിൽ,​ അധികൃതർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല. കുറഞ്ഞപക്ഷം,​ പ്രകൃതിക്ഷോഭങ്ങളുടെ തീവ്രതയെങ്കിലും കുറയ്ക്കാൻ കഴിയുമായിരുന്നു.

2018ലാണ് വലിയൊരു പ്രകൃതിക്ഷോഭത്തെ കേരളം മുഖാമുഖം കാണുന്നത്. ഏത് സമയത്തും മല പൊട്ടിയൊലിക്കാവുന്ന നാടായി കേരളം മാറിയിരിക്കുന്നു. ജീവനും ജീവിതവും തകർത്ത് കളയുന്ന വലുതും ചെറുതുമായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും; ഇപ്പോഴും കാലാവസ്ഥാ വിദഗ്ദ്ധരുടെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും പ്രവചനങ്ങൾക്കപ്പുറത്ത് നിൽക്കുന്ന ഉരുൾപൊട്ടലുകളാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളി. വർഷാവർഷങ്ങളിൽ ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ 'ലാൻഡ് സ്ലൈഡ് പ്രോൺ സോൺ' ആയി കേരളം മാറിയെന്ന് വിദഗ്ദ്ധർ വിധിയെഴുതുന്നു. ഇതിനെന്താണ് പരിഹാരം? ആശങ്കകൾക്കിടയില്ലാതെ പറയാം,​ പരിസ്ഥിതിയെ സംരക്ഷിക്കാതെ കേരളത്തിന് ബദൽ മാർഗങ്ങളില്ല.

ചൂടുകാറ്റും പ്രളയവും

ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച്‌ കേരളത്തിലെ കാലാവസ്ഥയും മാറിമറിയുകയാണെന്ന്‌ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു. ആഗോള താപനത്തിന്റെ തുടർച്ചയായി കേരളത്തിൽ ചൂടുകാറ്റ് (ഹീറ്റ്‍ വേവ് ) സാഹചര്യം തുടരാനുള്ള സാദ്ധ്യത കൂടുതലാണ്‌. ഏതാനും വർഷം മുമ്പുവരെ കേരളത്തിൽ ഹീറ്റ്‍ വേവ് സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോളത് കൂടിവരുന്നു. ശക്തമായ പ്രളയങ്ങളുണ്ടാകും. കഴിഞ്ഞ 10 വർഷത്തെ കണക്കുനോക്കിയാൽ ചൂടുകാറ്റ്, പ്രളയം എന്നിവയെല്ലാം കൂടുകയാണ്. 20 വർഷത്തിനിടെ വെള്ളപ്പൊക്കം മൂലം കേരളത്തിൽ മരണം വർദ്ധിച്ചിട്ടുണ്ട്. 1970 – 2000ൽ കേരളത്തിൽ പ്രതിവർഷം 10 ലക്ഷം പേരിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ നിരക്ക് 1.48 ആയിരുന്നെങ്കിൽ 2000–19ൽ 1.95 ആയി ഉയർന്നു. നമ്മുടെ നഗരങ്ങളിലും മലയോരങ്ങളിലും ചൂടിനെ ആഗിരണം ചെയ്യാനോ പ്രളയജലത്തെ ഉൾക്കൊള്ളാനോ കഴിയാനാകാത്തവിധം ദീർഘവീക്ഷണമില്ലാത്ത വികസനം നടപ്പാക്കുന്നതാണ് പ്രതിസന്ധിയുടെ കാരണം.

കേരളത്തിൽ മണ്ണിടിച്ചിൽ ഏറ്റവുമധികം വർദ്ധിച്ചുവരുന്നതിന്റെ കാരണം മണ്ണിന്റെ ഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണ്. കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാദ്ധ്യതകളെയും പഠിച്ച്‌ വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാപദ്ധതികൾ വേണം നടപ്പാക്കാൻ. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾക്ക്‌ സാദ്ധ്യതയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനെ നേരിടാൻ ആസൂത്രിതമായ പദ്ധതികൾക്ക്‌ തുടക്കം കുറിക്കാൻ നമുക്ക് കഴിയണം. ആഗോളതാപനത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാർബൺഡയോക്‌സൈഡിന്റെ ബഹിർഗമനം കുറയ്‌ക്കുകയാണ്‌ വേണ്ടത്‌. ഇതിന്‌ അനുയോജ്യമായ വ്യവസായങ്ങളിലേക്കും ഗതാഗത സംവിധാനങ്ങളിലേക്കും നാം വേഗത്തിൽ മാറേണ്ടിയിരിക്കുന്നു. ഒപ്പം ഫോസിൽ ഇന്ധനങ്ങളുടെ ആശ്രയത്വം കുറയ്‌ക്കുകയും വേണം. ഇത്തരം നടപടികൾക്ക്‌ കേരളം തുടക്കമിട്ടിട്ടുണ്ടെങ്കിലും വേഗത കൂറെക്കൂടി വർദ്ധിപ്പിക്കണമെന്നാണ്‌ ഐപിസിസി റിപ്പോർട്ട്‌ നൽകുന്ന മുന്നറിയിപ്പ്‌.

മാപ്പിംഗ് ഇല്ല

2018ലെ പ്രളയത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രളയ സാദ്ധ്യതാ മേഖലകളുടെയും ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളുടെയും മൈക്രോ ലെവൽ മാപ്പിംഗ് നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദുരന്ത നിവാരണ അതോറിട്ടി പ്രാഥമികതല മാപ്പിംഗ് നടത്തിയിരുന്നു. മൈക്രോ മാപ്പിങ്ങിനായി കേന്ദ്ര ജലകമ്മിഷനോട് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ പ്രളയമുണ്ടായത് മുതൽ ഇക്കാര്യം കേന്ദ്ര ജല കമ്മിഷനോട് ആവശ്യപ്പെട്ടിട്ടും മാപ്പ് തയ്യാറായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിട്ടി അധികൃതർ വ്യക്തമാക്കുന്നു.

'90 മീറ്റർ ഗ്രിഡ് ഉള്ള, പഴയ അമേരിക്കൻ സാറ്റലൈറ്റ് ഇമേജുകൾ വച്ചുകൊണ്ടുള്ളതാണ് കേന്ദ്ര ജലകമ്മിഷന്റെ മോഡലിംഗ്. അത് കേരളത്തിന്റെ സാഹചര്യത്തിൽ ഉപയോഗപ്രദമാവില്ല. 20 മീറ്റർ ഡിജിറ്റൽ എലിവേഷൻ മോഡലിലൂടെ എങ്കിലും ഭൂപടങ്ങൾ തയ്യാറാക്കിയാൽ മാത്രമേ കാര്യമുള്ളൂ. ഒരു വർഷം, അഞ്ച് വർഷം, പത്ത് വർഷം, മുപ്പത് വർഷം എന്ന കണക്കിൽ ഹൈ റെസല്യൂഷൻ പ്രളയ ബാധിത മേഖല മാപ്പാണ് വേണ്ടത്.

എങ്ങനെ നേരിടാം?

കടുത്ത ദുരന്തങ്ങൾ വിതച്ചുകൊണ്ടാണ് ഇത്തവണ തുലാവർഷത്തിന്റെ വരവ്. സംസ്ഥാനത്തിന് പരിചിതമല്ലാത്ത കാലാവസ്ഥാ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ദിശയിലേക്കുള്ള ന്യൂനമർദ്ദസഞ്ചാരം, പശ്ചിമഘട്ടത്തെയും കടന്നുപോകുന്ന ചുഴലിക്കൊടുങ്കാറ്റ്, മേഘവിസ്‌ഫോടനത്തോട് അടുത്തുനില്‍ക്കുന്ന അതിവൃഷ്ടി ഇവയൊക്കെ എല്ലാ പ്രവചനങ്ങളെയും തെറ്റിക്കുന്നുണ്ട്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് തടയിടാൻ മനുഷ്യന് സാദ്ധ്യമല്ല. എന്നാൽ, അവ മനുഷ്യനും പ്രകൃതിക്കും ഏല്‌പ്പിക്കുന്ന പരിക്കുകളെ ലഘൂകരിക്കാനും ഒരു പരിധിവരെ മുൻകരുതലുകൾ സ്വീകരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. നിലവിലുള്ള ദുരന്തനിവാരണനയത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

പരിസ്ഥിതി ദുർബല പ്രദേശങ്ങളെയും ഉരുൾപൊട്ടൽ - വെള്ളപ്പൊക്ക - വരൾച്ച സാധ്യതാ പ്രദേശങ്ങളെയും ഉൾപ്പെടുത്തി ആ മേഖലയിലെ പരിസ്ഥിതി പുനരുജ്ജീവന നടപടികൾ ദീർഘകാലാടിസ്ഥാനത്തിൽ തയ്യാറാക്കണം. കേരളത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഉരുൾപൊട്ടലുകളുടെ 67 ശതമാനവും ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് സംഭവിച്ചതാണ്. അതുപോലെതന്നെ തോട്ടം മേഖലകളും ഉരുൾപൊട്ടലുകളുടെ പ്രഭവകേന്ദ്രമായി മാറുന്നുണ്ട്. ഭൂവിനിയോഗരീതികളിൽ ക്വാറി, തോട്ടം, കാർഷികഭൂമി എന്നിവയെല്ലാം ഉരുൾപൊട്ടൽ സാദ്ധ്യത വർദ്ധിപ്പിക്കുമ്പോൾ ആ മേഖലകളെ സവിശേഷമായി പരിഗണിച്ച് പദ്ധതികൾ ആവിഷ്‌കരിക്കണം.

കേരളത്തിലെ മലയോര മേഖലകളുടെ വിശദമായ മാപ്പിംഗ് നടത്തിയാൽ അതിതീവ്ര മഴയുടെ മുന്നറിയിപ്പ് ഉണ്ടാവുന്ന സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ പറ്റും. കൂടാതെ ചരിഞ്ഞ പ്രദേശങ്ങളിലെ വനനാശം തടഞ്ഞും സ്വാഭാവിക ജല നിർഗമനമാർഗങ്ങൾ സംരക്ഷിച്ചും ഭൂമിയുടെ കിടപ്പ് പരിഗണിക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് തടയിട്ടും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ഹരിതാവരണം വർദ്ധിപ്പിച്ചും താങ്ങുഭിത്തികൾ നിർമിച്ചുമെല്ലാം വലിയൊരളവിൽ ദുരന്തലഘൂകരണം നടത്താവുന്നതാണ്.