1

പാലക്കാട്: യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാൻ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. ദാരിദ്യ നിർമ്മാർജനം ലക്ഷ്യമാക്കി ബൃഹത്തായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വിജയകരമായി നടപ്പിലാക്കുന്നതിൽ കുടുംബശ്രീക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ അംഗത്വം കുടുംബത്തിൽ ഒരാൾക്ക് എന്ന നിലയിൽ പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ സമൂഹത്തിലെ 18 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിപക്ഷത്തിനും കുടുംബശ്രീയുടെ ഭാഗമാകുന്നതിന് സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിൽ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കി പൊതുധാരയിൽ കൊണ്ടുവരുന്നതിനും, സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, വിവിധ തൊഴിൽ സാദ്ധ്യതകളിലേക്ക് കൈ പിടിച്ചുയർത്തുന്നതിനുമായാണ് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾക്ക് രൂപം നൽകുന്നത്.

ജില്ലയിൽ 1730 വാർഡുകളിലും ഓക്സിലറി സംഘങ്ങൾ രൂപീകരിക്കും. സ്ത്രീധനം, ഗാർഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവയെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനങ്ങളായും ഓക്‌സിലറി ഗ്രൂപ്പുകൾ പ്രവർത്തിക്കും.

 പദ്ധതി ലക്ഷ്യം

1. അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യവും ഉള്ളവരായിട്ടും സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയാതെ വീട്ടമ്മമാരായി ഒതുങ്ങി കഴിയേണ്ടിവരുന്ന യുവതികളുടെ മാനസിക പ്രശ്‌നങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ പങ്കുവെച്ച്, കൂട്ടായി പരിഹാരം കാണുന്നതിനുള്ള വേദിയാകും ഓക്സിലറി ഗ്രൂപ്പുകൾ

2. കക്ഷിരാഷ്ട്രീയ ജാതിമതവർഗ ഭേദമന്യേ ഒരുമിച്ചു കൂടുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കുക

3. സ്ത്രീധനം, ഗാർഹിക പീഡനങ്ങൾ തുടങ്ങി സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക

4. ജാഗ്രത സമിതി, ലഹരിയ്‌ക്കെതിരെയുള്ള വിമുക്തി, സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന സമം തുടങ്ങി സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുക

5. യുവജന കമ്മിഷൻ, യുവജന ബോർഡ് തുടങ്ങിയ ഏജൻസികളിലൂടെ നേട്ടങ്ങൾ കൈവരിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ, സഹകരണ വകുപ്പ് മുതലായവ നടപ്പിലാക്കുന്ന വിവിധങ്ങളായ ഉപജീവന പദ്ധതികൾ മുഖേന യുവതികളുടെ സുസ്ഥിര ഉപജീവനം സാദ്ധ്യമാക്കുക