നെന്മാറ: കാലം തെറ്റി പെയ്യുന്ന മഴയെ പോലെ നെന്മാറ അകമ്പാടം രക്കപ്പൻ സ്വാമിയുടെ വിഷ്ണുമായ ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന കണിക്കൊന്നയും കാലം തെറ്റി പൂവിട്ടു. സാധാരണ ഫെബ്രുവരി അവസാനം മുതൽ വിഷുവിനു ശേഷം മേയ് അവസാനം പൂവിടാറുള്ള കണിക്കൊന്നയാണ് ഇപ്പോൾ പൂത്തുലഞ്ഞ് നിൽക്കുന്നത്.
ഒരോ കൊമ്പുകളിലായി ആഗസ്റ്റ് മുതൽ രണ്ടു മാസമായി മാറി മാറി പൂക്കുലകൾ വന്നുതുടങ്ങി. തുലാം മാസമായിട്ടും കാലവർഷം അവസാനിക്കാത്ത രീതിയിൽ സസ്യങ്ങളിലും മാറ്റം വന്നുവെന്നാണ് സസ്യ ശാസ്ത്രജ്ഞരുടെ ആശങ്ക. മറ്റു മരങ്ങളിൽ ഒന്നും കാണാത്ത പ്രതിഭാസം വർഷ കാലത്തും ഇവിടെ കാണുന്നത് ദൈവചൈതന്യമാണെന്നാണ് രക്കപ്പസ്വാമി സ്വാമിയുടെ പക്ഷം.
കാലം തെറ്റി പൂത്ത കണിക്കൊന്ന പ്രദേശവാസികൾക്കും ക്ഷേത്രത്തിലെത്തുന്നവർക്കും കൗതുകമാകുന്നുണ്ട്. സംസ്ഥാന പുഷ്പമായ കണിക്കൊന്ന ക്ഷേത്രത്തിനടുത്ത് നട്ടിട്ട് 6 വർഷത്തിലേറെയായി കഴിഞ്ഞ മൂന്നു വർഷവും വിഷു സീസണിൽ മരം പൂർണമായും പൂവണിഞ്ഞിരുന്നതായി പഞ്ചായത്ത് മുൻ അംഗവും കവിയും കൂടിയായ രക്കപ്പസ്വാമി പറയുന്നു.