1

ആലത്തൂർ: കനത്ത മഴയിൽ വെള്ളം കയറിയ ആലത്തൂരിലെ നെൽക്കർഷകരുടെ പാടം തൊഴിലുറപ്പ് തൊഴിലാളികൾ സൗജന്യമായി കൊയ്ത് കൊടുക്കും. താലൂക്ക് തല പ്രളയ അവലോകന യോഗത്തിൽ കെ.ഡി. പ്രസേനൻ എം.എൽ.എ ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് തൊഴിലാളികൾ സൗജന്യമായി കൊയ്ത്ത് നടത്താൻ തീരുമാനിച്ചത്.

കൃഷിഭവൻ പ്രളയബാധിതമെന്ന് നിശ്ചയിച്ച് നൽകുന്ന പാടശേഖരങ്ങളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ സൗജന്യമായി കൊയ്ത്തിനിറങ്ങുക. പ്രളയ സാഹചര്യവും ഇന്ധനവില വർദ്ധനവും കണക്കിലെടുത്ത് അന്യസംസ്ഥാന കൊയ്ത്ത് യന്ത്രങ്ങൾ തിരികെ മടങ്ങിയിരുന്നു. ഇതു മൂലം നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിലായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളികൾ കൊയ്ത്തിനിറങ്ങുന്നതോടെ ഈ പ്രതിസന്ധി മറികടക്കാനാകും. പദ്ധതി കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അദ്ധ്യക്ഷയായി.പഞ്ചായത്ത് അംഗങ്ങളായ യു. ഫാറൂഖ്, വി. കൊച്ചുകുമാരി, കർഷകസംഘം വില്ലേജ് സെക്രട്ടറി എന്നിവർ സംസാരിച്ചു.