പട്ടാമ്പി: യുവ കലാ സാഹിതി പട്ടാമ്പി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായി മോഴിക്കുന്നം ബ്രഹ്മദത്തൻ നമ്പൂതിരി അനുസ്മരണവും സാംസ്‌കാരിക ചരിത്ര സംഗമവും നാളെ വൈകീട്ട് മൂന്നിന് പട്ടാമ്പി ഗവ. യു.പി.സ്‌കൂളിൽ നടക്കും.
മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം തമസ്‌കരിക്കാനും മാറ്റിയെഴുതാനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ശ്രമിച്ചു വരികയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മലബാർ കലാപത്തിൽ രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്‌ലിയാരും ഉൾപ്പെടെ 387 പേരുകൾ ഇന്ത്യയുടെ ഔദ്യോഗിക രക്തസാക്ഷിത്വ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ തീരുമാനം. വർഗീയവത്കരണ നയം തുറന്ന് കാണിക്കുന്നതിന് കൂടിയാണ് സാംസ്‌കാരിക ചരിത്ര സംഗമം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടിവ് അംഗവും മുൻ മന്ത്രിയുമായ കെ.ഇ. ഇസ്മയിൽ പരിപാടി ഉദ്ഘാടനം ചെയ്യും. യുവ കലാ സാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ , കെ.എം. വാസുദേവൻ, കെ.എസ്.ബി.എ തങ്ങൾ, കെ.പി. അബ്ദുറഹ്മാൻ, പി.ടി. മുഹമ്മദ്, അഡ്വ. വി.കെ. കൃഷ്ണകുമാർ, ഇ.പി. ശങ്കരൻ എന്നിവർ ചടങ്ങിൽ സംമ്പന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.