1

പാലക്കാട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 78.28 ലക്ഷം രൂപ. കനത്തമഴയിലും കാറ്റിലും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും കമ്പിപൊട്ടിയുമാണ് നഷ്ടത്തിലധികവും. ഈ ദിവസങ്ങളിൽ വിവിധ കാരണങ്ങളാൽ 4,756 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി.
ജില്ലയിൽ 11 കെ.വി ലൈൻ പോകുന്ന 13 തൂണുകൾ ഒടിഞ്ഞിട്ടുണ്ട്. 13 ഇടത്ത് എച്ച്.ടി ലൈനുകൾ തകർന്നു. ചെറിയ വൈദ്യുതി പോസ്റ്റുകൾ 72 എണ്ണമാണ് മരംവീണും മറ്റും ഒടിഞ്ഞത്. 273 ഇടത്ത് എച്ച്ടി ലൈനുകളും പൊട്ടി. ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശിയതാണ് നഷ്ടത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ കാരണം. മരക്കൊമ്പൊടിഞ്ഞും മരം കടപുഴകിയും വൈദ്യുതിത്തൂണുകളിലും ലൈനുകളിലും പതിക്കുകയായിരുന്നു. മൂന്നിടത്ത് ട്രാൻസ്‌ഫോർമറുകളും തകർന്നു. വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണി നേരിട്ട 21 ഇടങ്ങളിലെ ട്രാൻസ്‌ഫോർമർ താത്കാലികമായി ഓഫാക്കി. മുൻകരുതലിന്റെ ഭാഗമായായിരുന്നു നടപടി. നിലവിൽ തകരാറിലായ എല്ലാ വൈദ്യുതി കണക്‌ഷനും പുനഃസ്ഥാപിച്ചു. അവധി ദിവസങ്ങളിലടക്കം ഉദ്യോഗസ്ഥർ ജോലിക്കെത്തിയാണ് പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.

നേരിടാൻ തയ്യാർ

വരുംദിവസങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഏത് അടിയന്തര സാഹചര്യം നേരിടാനും കെ.എസ്.ഇ.ബി ഒരുങ്ങി. വൈദ്യുതിക്കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. 9496010101 എന്ന വാട്‌സാപ് നമ്പറിലും വിവരങ്ങൾ കൈമാറാം.