വടക്കഞ്ചേരി: മലവെള്ളപ്പാച്ചിലിൽ ഉരുൾ പൊട്ടലുണ്ടായ നടുക്കം വിട്ടുമാറാതെ ഞെട്ടലിലാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ വി.ആർ.ടി, ഓടംതോട്, പാലക്കുഴി എന്നീ മലോയര ഗ്രാമങ്ങൾ. അതിശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് പ്രദേശത്ത് മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്.
ചെറിയ തോടുകൾ നിറഞ്ഞുകവിഞ്ഞൊഴുകി വ്യാപക കൃഷിനാശവും വീടുകൾക്ക് ഭാഗിക നാശവുമുണ്ടായി. പലയിടങ്ങളിലും റോഡുകൾ തകർന്നു. പുനർ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.
ഓടംതോട് പടങ്ങിട്ട റോഡിന് സമീപവും വി.ആർ.ടി കവ ആശാൻപാറ ഭാഗത്തുമാണ് ബുധനാഴ്ച ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് നിന്ന് അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിലങ്ങൻപാറയിലും ഉരുൾപൊട്ടിയതായി സംശയിക്കുന്നുണ്ട്. മലയോര മേഖലയിൽ അതിശക്തമായ മഴയാണ് പെയ്തത്.
മുൻകരുതലിന്റെ ഭാഗമായി ഉരുൾ പൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും 273 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൃത്യമായ ഇടപെടൽ
പൊലീസും ഫയർഫോഴ്സും കൃത്യ സമയത്ത് സ്ഥലത്ത് എത്തിയിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം പാലക്കാട് സബ് കലക്ടർ ബൽപ്രീത് സിംഗ്, ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ ജയചന്ദ്രൻ, വില്ലേജ് ഓഫീസർമാർമാരായ കൃഷ്ണകുമാരി, മഞ്ജു, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സംഘം സന്ദർശിച്ചു. അപകട സാദ്ധ്യത ഉള്ളതിനാൽ പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തഹസിൽദാർ അറിയിച്ചു.
ഒലിച്ചിറങ്ങിയ മണ്ണും ചെളിയും നീക്കി
കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കനത്ത മഴയിൽ പൊൻകണ്ടം റോഡിൽ നിന്നും മംഗലം ഡാം ടൗണിലോട്ട് ഒലിച്ചിറങ്ങിയ മണലും, കല്ലും, ചെളിയും സന്നദ്ധസേന പ്രവർത്തകരും, യുവജന സംഘടനാ പ്രവർത്തകരും, ഓട്ടോ തൊഴിലാളികളും, ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്ന് നീക്കി.