sight-day
ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിക്കുന്നു.

പാലക്കാട്: ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി ഐ.പി.പി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഷാബിറ അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.പി. റീത്ത മുഖ്യാതിഥിയായി.

ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 2000 മുതൽ ഒകേടാബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച വിവിധ പ്രമേയങ്ങൾ ആസ്പദമാക്കി ലോക കാഴ്ചദിനമായി ആചരിച്ചു വരുന്നു. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. നേത്രരോഗങ്ങളെ നേരത്തെ കണ്ടെത്താനും, ചികിത്സ ലഭ്യമാക്കാനും പൊതു സമൂഹത്തെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ബോധവത്കരണ ക്ലാസുകളും, സൗജന്യ നേത്രപരിശോധന ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്.

ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. കെ.ആർ. ശെൽവരാജ്, മുനിസിപ്പൽ കൗൺസിലർ അനുപമ നായർ, ആരോഗ്യ കേരളം ഡി.പി.എം: ഡോ. റോഷ് ടി.വി, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. അനൂപ് കുമാർ, ജൂനിയർ അഡ്മിനിസേട്രറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ഗീതു മറിയ ജോസഫ്, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എ സന്തോഷ് കുമാർ, സീനിയർ ഒപ്‌ടോമെട്രിസ്റ്റ് രവി, ജില്ലാ ഓഫ്താൽമിക് കോഡിനേറ്റർ ഒ. ഉഷ എന്നിവർ സംസാരിച്ചു.