കൊല്ലങ്കോട്: മുതലമട മീങ്കര ഡാമിൽ അനധികൃത മത്സ്യ ബന്ധനത്തിലേർപ്പെട്ട കന്നിമാരി കുറ്റിക്കീഴ് ചള്ളയിൽ മുരളിയെ(32) മത്സ്യത്തൊഴിലാളികൾ പിടികൂടി കൊല്ലങ്കോട് പൊലീസിന് കൈമാറി. മുതലമട പട്ടികജാതി പട്ടിക വർഗ്ഗ റിസർവോയർ ഫിഷറീസ് കോ - ഓപററ്റീവ് സൊസൈറ്റിയുടെ കീഴിൽ ഉൾനാടൻ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തുന്നത് 30 ഓളം മത്സ്യതൊഴിലാളികളാണ്.
മത്സ്യക്കുഞ്ഞ്ഡാമിൽ നിക്ഷേപിച്ച് മത്സ്യ ബന്ധനം നടത്തി സൊസൈറ്റിയിൽ എത്തിച്ച് വിൽപ്പന നടത്തി കിട്ടുന്ന വരുമാനമാണ് ഇവർക്ക് ഏക ആശ്രയം. അടുത്ത കാലത്തായി നിരവധി പേർ അനുമതിയില്ലാതെ ഡാമിൽ നിന്നും വലയിട്ട് മത്സ്യം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇത്തരം ആളുകളെ കണ്ടെത്തുന്നതിനായി കൊല്ലങ്കോട് പൊലീസിന്റെ നിർദേശപ്രകാരം പകൽ - രാത്രികാലങ്ങളിൽ മത്സ്യത്തൊഴിലാളികൾ സംഘം ചേർന്ന് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇന്നലെ പകൽ ഉച്ചയ്ക്ക് ഒന്നിന് അനധികൃതമായി വലയിട്ട് മീൻപിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ മുരളിയെ പിടികൂടിയത്. വലയും മത്സ്യങ്ങളും ലഭിച്ചു. മീങ്കര മത്സ്യത്തൊ ഴിലാളി സഹകരണ സംഘത്തിലെ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.