നെന്മാറ: പോത്തുണ്ടി ഡാമിന് സമീപമുള്ള പറമ്പിൽ മേയാൻ വിട്ട പശുവിനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി ക്ഷീരകർഷക. മൂന്നര വയസ്സുള്ള പശുവിനെ വ്യാഴാഴ്ച രാവിലെ പാതയോരത്ത് മേയാൻ വിട്ടതായിരുന്നു പോത്തുണ്ടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തങ്കമ്മ. പിന്നീട് നോക്കുമ്പോൾ പശുവിന്റെ വയറിന്റെ ഇടതുവശത്തായി നീളത്തിൽ മുറിവുണ്ടായി ആന്തരികാവയവങ്ങൾ ഭാഗികമായി പുറത്തുചാടിയ നിലയിൽ രക്തം വാർന്ന് കിടക്കുകയായിരുന്നു.
വീടിനു തൊട്ടു സമീപത്തെ പുഴയോരത്തെ ആൾതാമസമില്ലാത്ത പറമ്പിൽ ബുധനാഴ്ച മേയാൻ വിട്ട 7 പശുക്കളിൽ 6 എണ്ണവും വൈകീട്ടോടെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഒരു പശുവിനെ കാണാതായതിനെ തുടർന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയ്ക്കുശേഷം പറമ്പിലും പരിസരങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വിവരമറിഞ്ഞ പോത്തുണ്ടി വനം സെക്‌ഷൻ ഫോറസ്റ്റർ ഗിരീഷിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തിയെങ്കിലും പുലിയുടെയോ മറ്റു മാംസഭുക്കുകളുടെയോ സാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
പുലിയുടെ ആക്രമണം ആണെങ്കിൽ പശുവിന്റെ വയറിന് അടിഭാഗത്ത് പരിക്കേൽക്കില്ലെന്നും കൂർത്ത നഖം കൊണ്ടുള്ള മുറിവ് ശരീരത്തിൽ കാണുമെന്നും കഴുത്തിലും മുറിവുണ്ടാകുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. രാത്രിയിൽ റോഡരികിൽ നിന്ന് പശുവിനെ വാഹനങ്ങൾ തട്ടിയതോ കമ്പിവേലി പോലുള്ളവ ചാടി കിടക്കുമ്പോൾ പറ്റിയതോ ആകുമെന്നാണ് വനംവകുപ്പ് വിശദീകരണം.
50 സെന്റീമീറ്റർ നീളത്തിൽ പശുവിന്റെ വയറിന്റെ ഇടത് അടിഭാഗത്തായുള്ള മുറിവ് മൂർച്ചയേറിയ കമ്പി, ഇരുമ്പ് ദണ്ട് തുടങ്ങിയ വസ്തുക്കൾ തട്ടി മുറിവ് ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് മൃഗഡോക്ടറും പറഞ്ഞു. മുറിവ് തുന്നിക്കെട്ടി മരുന്നു നൽകി പശുവിന് ചികിത്സ ആരംഭിച്ചിട്ടുണ്ട്. 1600 രൂയോളം വരുന്ന ചെലവായെന്ന് ക്ഷീരകർഷകയായ തങ്കമ്മ പറഞ്ഞു.