ഷൊർണൂർ: വാണിയംകുളം ചന്ത നവംബർ ഒന്നു മുതൽ പ്രവർത്തന സജ്ജമാകും. ചന്തയുടെ ലേലം ഇന്ന് വാണിയംകുളം പഞ്ചായത്ത് ഓഫീസിൽ നടക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ചന്ത പ്രവർത്തിക്കുന്നില്ല. ജില്ലയിലെ പ്രധാന കന്നുകാലി വിപണന ചന്തയാണ് വാണിയംകുളം ചന്ത.

കൊവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ചന്ത പ്രവർത്തന സജ്ജമാകമ്പോൾ ഇന്ന് നടക്കുന്ന ലേലം നിർണ്ണായകമാണ്. കൊവിഡ് പ്രതിസന്ധി ആവർത്തിക്കുമോ എന്നുള്ള കാര്യം പ്രവചിക്കാനാവില്ലെന്നതിനാൽ കടുത്ത വെല്ലുവിളി നേരിട്ടാണ് പഞ്ചായത്ത് ഭരണ സമിതി ചന്ത തുറക്കാൻ അനുമതി തേടിയത്. ചന്തയുടെ പ്രവർത്തനം നിലച്ചപ്പോൾ പഞ്ചായത്തിന്റെ പ്രധാന വരുമാനം ഇല്ലാതായി. ഭരണരംഗത്തെ പ്രതിസന്ധിക്കും ഇത് ഇടയാക്കിയിരുന്നു.

ചന്തയുടെ പ്രവർത്തനം നിന്ന് കന്നുകാലി വിപണനം മുടങ്ങിയത് ക്ഷീര കർഷകരെ ഏറെ ബാധിച്ചിരുന്നു. നല്ലയിനം പശുക്കളെയും, കിടാരികളെയും, തെരഞ്ഞെടുക്കാനും വിൽപ്പനയ്ക്കും കഴിഞ്ഞ ഒന്നര വർഷമായി പ്രതിസന്ധി നേരിട്ടിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കന്നുകാലികളുടെ വരവ് നിന്നതോടെ മാംസ വിപണിയിലും കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.

ചെറുകിട കുടിൽ ഉത്പന്നങ്ങൾ ധാരാളമായി വിൽപ്പന നടന്നിരുന്നതും ചന്തയിലായിരുന്നു. മുള കൊണ്ടുള്ള വീട്ടുപകരണങ്ങൾ, ഓല പായകൾ, മൺപാത്രങ്ങൾ, ഈറ്റ ഉത്പന്നങ്ങൾ തുടങ്ങി ഗ്രാമീണ മേഖലകളിൽ നിന്നുള്ള നാടൻ ഉത്പന്നങ്ങളും ചന്തയിൽ ലഭ്യമായിരുന്നു. ചന്തയുടെ പ്രവർത്തനം നിലച്ചതോടെ ഇത്തരം കുടിൽ വ്യവസായങ്ങൾ നടത്തുന്നവരും പട്ടിണിയിലായി. ചന്തയുടെ പ്രവർത്തനം തുടങ്ങുന്നതോടെ ഏറെ ആഹ്ലാദം ഇത്തരം കുടിൽ വ്യവസായ കർക്കായിരിക്കും.