പാലക്കാട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം: കെ. മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാബിറ ടീച്ചർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, പൊതു വിദ്യാഭ്യാസ യജ്ഞം ജില്ലാ കോ - ഓർഡിനേറ്റർ ജയപ്രകാശ്, എസ്.എസ്.കെ കോ - ഓർഡിനേറ്റർ കൃഷ്ണകുമാർ , കൈറ്റ് കോ - ഓർഡിനേറ്റർ ശശികുമാർ, പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി.ശശിധരൻ, ഡി.ഇ. ഒ, എ.ഇ.ഒ.മാർ പങ്കെടുത്തു.
കെട്ടിടസുരക്ഷ ഉറപ്പാക്കും
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ എൽ.എസ്.ജി.ഡി എൻജിനിയർമാർ പരിശോധന നടത്തിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണൻ യോഗത്തിൽ പറഞ്ഞു. ആസ്ബറ്റോസ്, ടിൻ ഷീറ്റ് മേഞ്ഞ ക്ലാസ് മുറികളുള്ള സ്‌കൂളുകളിൽ പഠനം കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ ക്ലാസ് മുറികൾക്ക് കുറവ് വന്നാൽ ലാബ്, ലൈബ്രറി, മറ്റ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. കൂടാതെ കെട്ടിട നിർമ്മാണം നടക്കുന്ന സ്‌കൂളുകളിലും ഇത് നടപ്പാക്കും. കിഫ്ബി മുഖേന പണി പൂർത്തീകരിച്ച കെട്ടിടങ്ങൾ ക്ലാസുകൾ നടത്തുന്നതിനായി വിട്ടു നൽകണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ട്. ഇവ പരിശോധിക്കുന്നതിനായി ഡി.ഇ.ഒ, എ.ഇ.ഒ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ സ്‌കൂളുകളിൽ സന്ദർശനം നടത്തുന്നുണ്ട്.
അദ്ധ്യാപക പരിശീലനം നാളെ മുതൽ
അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിനുള്ള റിസോഴ്സ്‌പേഴ്സൺമാർക്കുള്ള സംസ്ഥാനതല ഓൺലൈൻ പരിശീലനം നാളെ മുതൽ ആരംഭിക്കും. ഒക്ടോബർ 26 മുതൽ 29 വരെ അദ്ധ്യാപകർക്ക് പരിശീലനം നൽകും.
കൊവിഡ് പശ്ചാത്തലത്തിൽ ക്ലാസുകളുടെ ക്രമീകരണം കൃത്യമായ മാർഗ നിർദേശം പാലിച്ച് നടപ്പാക്കാൻ സ്റ്റാഫ് മീറ്റിംഗ് , ക്ലാസ് പി.ടി.എ എന്നിവ ചേരുന്നുണ്ട്. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിക്കുക.
സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും
സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നിലവിൽ ഒരു സീറ്റിൽ ഒരു വിദ്യാർത്ഥി മാത്രമേ പാടുള്ളൂ എന്നാണ് നിർദേശം. ചില പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി 1 കി.മീറ്ററിന് 40 രൂപ എന്ന നിരക്കിൽ ബസ് അനുവദിക്കുന്നതിന് ധാരണയായിട്ടുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതി പ്രകാരം ഉൾപ്രദേശങ്ങളിൽ ബസ് അനുവദിക്കുന്നതിന് ആലോചന നടക്കുന്നുണ്ട്.
സ്‌കൂളുകളിലെ 50 ശതമാനം വൈദ്യുതി ചാർജ് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളിലെ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നുണ്ട്. യോഗത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് കൈറ്റ് നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം 'സർഗ്ഗ' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകി പ്രകാശനം ചെയ്തു.
വാക്സിനേഷൻ നിർബന്ധം
അദ്ധ്യാപകരും ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും കർശനമായി രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. നിലവിൽ 416 പേർ കൂടി വാക്സിൻ സ്വീകരിക്കാനുണ്ട്. ഇതിൽ 164 പേർ ഒരു ഡോസ് മാത്രം സ്വീകരിച്ചിട്ടുണ്ട്. മറ്റ് രോഗബാധിതർ, കോവിഡ് ബാധിച്ചവർ തുടങ്ങി 252 പേർ വാക്സിൻ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് വിദ്യഭ്യാസ ഉപഡയറക്ടർ പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള കൊവിഡ് പ്രതിരോധ മരുന്ന് സ്‌കൂളുകളിൽ എത്തിക്കുമെന്ന് ഡി.എം.ഒ ( ഹോമിയോ ) അറിയിച്ചതായി യോഗത്തിൽ പറഞ്ഞു.