വടക്കഞ്ചേരി: ശക്തമായ മഴയിൽ പാടശേഖരങ്ങളിൽ വെള്ളം ലഭിച്ചതോടെ രണ്ടാം വിള കൃഷിക്കായി ഞാറ്റടി തയ്യാറാക്കുന്ന തിരക്കിലാണ് കർഷകർ. ഒന്നാം വിള കൊയ്തടുത്ത ശേഷം ഉഴുതുമറിച്ച പാടശേഖരങ്ങളിൽ രണ്ടാം വിള കൃഷിയിറക്കുന്ന പ്രതീക്ഷയോടെയാണ് ഒറ്റ ഞാർ നടീൽ പദ്ധതിയുമായി കർഷകർ ഇറങ്ങുന്നത്.
തുലാമഴയുടെ ഗതിയറിയാത്തതും വിതച്ചാൽ പാടശേഖരങ്ങളിൽ കള പെരുകുമെന്ന ഭീതിയും കൂടിയതോടെയാണ് ഞാറ്റടി തയ്യാറാക്കുന്നത്. കഴിഞ്ഞ വിളകളിൽ കളശല്യം രൂക്ഷമായതിനാൽ കൂലിയിനത്തിൽ നല്ലൊരു തുക ചെലവായതിനെ തുടർന്നാണ് കർഷകരിൽ ചിലർ ഞാറ്റടിക്ക് ഒരുങ്ങുന്നത്. മൂപ്പുകുറഞ്ഞ ഉമ നെൽവിത്താണ് ഞാറ്റടി തയ്യാറാക്കാൻ ഏറിയ പങ്കും കർഷകർ ഉപയോഗിച്ചിരിക്കുന്നത്.
ഞാറ്റടി ഈവിധം
ചെളിയിൽ ഉഴുതുമറിച്ച് ചെളി ഉറച്ച ശേഷം മുളപ്പിച്ച നെൽവിത്ത് പാകിയാണ് ഞാറ്റടി തയ്യാറാക്കിയിരിക്കുന്നത്. നാമമാത്ര കർഷകർ ടാർ പായ വിരിച്ച് ഞാറ്റടി തയ്യാറാക്കി 25 മുതൽ 35 ദിവസം വരെ മൂപ്പെത്തിയ ശേഷം നെൽച്ചെടികൾ പറിച്ച് ഒറ്റഞാർ കൃഷി രീതിയിൽ ചെടികൾ യന്ത്രസഹായത്തോടെ ചെളിയിൽ നടുന്ന രീതിയും നടപ്പാക്കുന്നുണ്ട്. അയിലൂർ പാടശേഖരത്തിലാണ് ഞാറ്റടി തയ്യാറാക്കുന്നത്. സമയങ്ങളിൽ മഴ ലഭിച്ചും പോത്തുണ്ടി ഡാം വെള്ളം തുറന്നുവിട്ടും രണ്ടാം വിള കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണിവർ.
അതിഥികളെ കാത്ത്
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നടീൽ പണികൾ ചെയ്യിപ്പിക്കുന്നുണ്ട്. പതിവുപോലെ നടീൽ പണികൾക്കും മറ്റും അന്യസംസ്ഥാന തൊഴിലാളികളെ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കർഷകർ ഞാറ്റടി തയ്യാറാക്കുന്നത്. ലോക്ക് ഡൗൺ തടസം മാറി അതിഥി തൊഴിലാളികൾ എത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കാർഷിക പണികൾക്കു തൊഴിലുറപ്പ് തൊഴിലാളികൾ ഏർപ്പെടണമെന്നും, അതിനായി നടപടിയുണ്ടായാൽ സമയങ്ങളിൽ നടീൽ പണികൾ പൂർത്തീകരികാൻ കഴിയുമെന്നും കർഷകർ പറയുന്നു.