തൃത്താല: തൃത്താല മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഒരുക്കം വിലയിരുത്താൻ സ്ഥലം എം.എൽ.എയും നിയമസഭാ സ്പീക്കറുമായ എം.ബി. രാജേഷ് വിളിച്ചു ചേർത്ത യോഗത്തിൽ കാര്യങ്ങൾ വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ തൃത്താല മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമുള്ള എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിലെയും പ്രധാനാദ്ധ്യാപകർ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിന്റെ ഫിറ്റ്നസ്, ക്ലാസ് മുറികളും പരിസരവും ശുചീകരണം, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കൽ അടക്കം സ്‌കൂളുകൾ നേരിടുന്ന പ്രശ്നങ്ങളും അതിനായി ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇനിയെടുക്കേണ്ട നടപടികളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ സുരക്ഷിതമായി തുറക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങളുടെ മാതൃകാപരമായ ഏകോപനത്തിനും വേണ്ടത് ചെയ്യും എന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.