ചെർപ്പുളശ്ശേരി: മഴയെ തുടർന്ന് നഗരത്തിൽ വിവിധ ഇടങ്ങളിൽ റോഡ് തകർന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പട്ടാമ്പി റോഡിൽ അയ്യപ്പൻ കാവിനു സമീപം ലക്ഷ്മി കല്യാണമണ്ഡപത്തിന് മുൻവശത്തും ഗവ. ആശുപത്രിക്ക് സമീപവും റോഡുകൾ തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ബസ് സ്റ്റാൻഡിന് സമീപം ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയും റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴികളിൽ വീണും, കുഴി വെട്ടിക്കുന്നതിനിടയിലും പ്രദേശത്ത് അപകടം പതിവാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടി. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലാണ് റോഡ് തകർന്നിരിക്കുന്നത്. ഇതുകാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. താത്കാലികമായെങ്കിലും കുഴികൾ അടയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.