പാലക്കാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് അവസാനിച്ചു. മാനേജ്‌മെന്റ് സീറ്റ് ഒഴിവാക്കി 24,273 സീറ്റിലേക്കാണ് ഏകജാലകം വഴി പ്രവേശനം നടത്തിയത്.
ബാക്കി ഒഴിവ് സംബന്ധിച്ച പട്ടിക അടുത്ത ദിവസം പ്രസിദ്ധീകരിക്കും. തുടർന്ന്, അവശേഷിക്കുന്ന മെരിറ്റ് സീറ്റിലും വിവിധ ക്വാട്ടകളിലെ ഒഴിവുള്ള സീറ്റിലും പ്രവേശനം നടത്തും. ഒഴിവ് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചാൽ വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക വഴിയായിരിക്കും അലോട്ട്‌മെന്റ്. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്, അപേക്ഷയിൽ പിഴവ് വന്നവർക്ക്, സേ പരീക്ഷ പാസായവർക്ക് എന്നിവർക്കെല്ലാം പുതുതായി അപേക്ഷിക്കാം.
ഇതോപ്പം സ്‌പോർട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റും നടക്കും. സപോർട്‌സ് കൗൺസിലിൽ നിന്ന് കായിക മികവ് സർട്ടിഫിക്കറ്റ് ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അതിനിടെ, സീറ്റുകൾ ഇനിയും വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. ജില്ലയിലാകെ ഹയർ സെക്കൻഡറിക്ക് 33,920 സീറ്റുണ്ട്. ഈ വർഷം 5,654 സീറ്റാണ് വർദ്ധിച്ചത്.