1

പാലക്കാട്: മഴയ്ക്ക് അല്പം ശമനം, ജില്ലയിലെ ഒന്നാം വിള കൊയ്ത്തും നെല്ലുസംഭരണവും സജീവം. ജില്ലയിൽ ഇതുവരെ 6778.439 മെട്രിക് ടൺ നെല്ല് സംഭരിച്ചു. പാലക്കാട് താലൂക്ക്, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ കൊയ്ത്ത് സജീവമാണ്. ഇതുവരെ ജില്ലയിൽ 50 ശതമാനത്തോളം കൊയ്ത്ത് നടന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ആഴ്ചകളായി നീണ്ടുനിന്ന മഴയിൽ ജില്ലയിലെ 1400ഓളം ഹെക്ടറിലെ നെൽക്കൃഷിയാണ് വെള്ളത്തിനടിയിലായത്. പലയിടത്തും വെള്ളത്തിൽ വീണ നെൽച്ചെടി മുളച്ചുതുടങ്ങിയ നിലയിലാണ്. ഉച്ചതിരിഞ്ഞ് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതിനാൽ അടുത്ത മഴയ്ക്ക് മുമ്പ് പരമാവധി നെല്ല് കൊയ്‌തെടുക്കാനാണ് കർഷകരുടെ ശ്രമം.

കൊയ്ത്തുയന്ത്രങ്ങളുടെ കുറവാണ് നിലവിൽ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. മഴ കാരണം ഒരാഴ്ചയോളം പാടത്ത് ഇറങ്ങാനാകാതെ കിടന്ന യന്ത്രങ്ങളിൽ കുറച്ച് ആലപ്പുഴയിലേക്ക് പോയി. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൊയ്ത്ത് യന്ത്രം എത്തുന്നത്. ഒക്ടോബർ അവസാനവും നവംബർ ആദ്യവുമായി ഈ സംസ്ഥാനങ്ങളിൽ കൊയ്ത്ത് ആരംഭിക്കും. ഇത് കണക്കിലെടുത്ത് കുറച്ച് യന്ത്രങ്ങൾ ഇവിടെ നിന്ന് മടങ്ങി. പരമാവധി യന്ത്രം എത്തിച്ച് കൊയ്ത്ത് നടത്താനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്.
മണിക്കൂറിന് 2400 രൂപയാണ് കൊയ്ത്തുയന്ത്രത്തിന്റെ വാടക. നേരത്തേ 2300 തീരുമാനിച്ചെങ്കിലും ഡീസൽവില വർദ്ധനയുടെ പശ്ചാത്തലത്തിൽ 100 രൂപ കൂടി വർദ്ധിപ്പിച്ചിട്ടുണ്ട്. കൊയ്‌തെടുക്കുന്ന നെല്ല് ഉണക്കിയെടുക്കാനോ നേരത്തേ കൊയ്ത് ചാക്കിലാക്കിയ നെല്ല് സൂക്ഷിച്ചുവയ്ക്കാനോ കർഷകർക്ക് സാധിക്കാത്ത് തിരിച്ചടിയാണ്. എത്രയും വേഗം സപ്ലൈകോയ്ക്ക് കൈമാറുക മാത്രമേ രക്ഷയുള്ളൂ.