പാലക്കാട്: സംസ്ഥാനത്തെ കുടുംബങ്ങൾക്ക് പോഷകപൂർണമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കുടുംബശ്രീയുടെ കാർഷിക കാമ്പയിൻ മലമ്പുഴ നിയോജക മണ്ഡലംതല ഉദ്ഘാടനം മരുതറോഡ് പടലിക്കാടിൽ ഇന്ന് രാവിലെ 10ന് എ. പ്രഭാകരൻ എം.എൽ.എ നിർവഹിക്കും. മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും.
ഓരോ ഭവനത്തിലും ഓരോ കാർഷിക പോഷക ഉദ്യാനങ്ങൾ സജ്ജീകരിക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ കാർഷിക മേഖലയിലെ ഇടപെടലിലൂടെ പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ പോഷക ഉദ്യാനങ്ങൾ പോഷകാഹാരക്കുറവ് പരിഹരിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഫലപ്രദമാകും. ഒരു വാർഡിൽ 50 പോഷക ഉദ്യാനങ്ങൾ തയ്യാറാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 75000 ത്തിലധികം കുടുംബങ്ങളിൽ അഗ്രി ന്യൂട്രി ഗാർഡൻ പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വാർഡ് തലങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
നിലമൊരുക്കൽ, വിത്തിടൽ, വളപ്രയോഗം, പരിപാലനം, വിളവെടുപ്പ് എന്നീ ഓരോഘട്ടത്തിലും പ്രത്യേക പരിശീലനം ലഭ്യമാക്കും. വാർഡ് തല പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന അംഗങ്ങൾക്കാവശ്യമായ വിത്തുകൾ വി.എഫ്.പി.സി.കെ യിൽ നിന്നും ലഭ്യമാക്കും. ക്യാമ്പയിന്റെ ഭാഗമായി അഗ്രി ന്യൂട്രി ഗാർഡൻ ആരംഭിക്കുന്നതിനു താല്പര്യമുള്ളവർ അതാത് സി.ഡി.എസുമായി ബന്ധപ്പടണം.
ഗാർഡനു വേണ്ടത്
കുറഞ്ഞത് മൂന്ന് സെന്റ് മുതലുള്ള കൃഷിയിടങ്ങളിൽ അഞ്ച് ഇനം പച്ചക്കറികളും രണ്ട് ഇനം ഫലവൃക്ഷങ്ങളും ഉൾപ്പെടുത്തിയാണ് അഗ്രി ന്യൂട്രി ഗാർഡനുകൾ ഒരുക്കുക. തക്കാളി, പാവൽ, ചീര, മത്തൻ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി, പയർ, പച്ചമുളക് എന്നിവയിലേതെങ്കിലും അഞ്ച് എണ്ണവും, രണ്ട് ഫലവൃക്ഷങ്ങളും തിരഞ്ഞെടുക്കാം. പൂർണമായും ജൈവ രീതിയാണ് അവലംബിക്കുക. വിഷമുക്തവും, പോഷക സമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ ലഭ്യത ഓരോ കുടുംബങ്ങളിലും എത്തിക്കുക വഴി സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക, പോഷക സമൃദ്ധമായ ആഹാര ശീലം വളർത്തിയെടുത്ത് പ്രതിരോധ ശേഷിയുള്ള സമൂഹം സൃഷ്ടിക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.