പെരുങ്ങോട്ടുകുറിശ്ശി: കഴിഞ്ഞ ദിവസം വൈകീട്ട് ഭാരതപ്പുഴ ഞാവളിൻക്കടവ് ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥിക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പെരുങ്ങോട്ടുകുറിശ്ശി തുവക്കാട് വീട്ടിൽ അബ്ദുൾ അസീസിന്റെയും ഫൗസിയയുടെയും മൂന്നുമക്കളിൽ മൂത്തവനായ അൻസിലിന്റെ വിയോഗം നാടിന്റെയാകെ വേദനയായി.

പതിനെട്ട് വയസു തികഞ്ഞതോടെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു പരിശീലനം പൂർത്തി യാക്കിയ അൻസിൽ ഇന്നലെ ടെസ്റ്റിനു ഹാജരാകേണ്ട ദിവസം കൂടിയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കണമെന്ന ആഗ്രഹം ബാ ക്കിവച്ചാണ് വിടവാങ്ങൽ. പുഴയിലെ ശക്തമായ കുത്തൊഴുക്കാണ് കുളിക്കാനിറങ്ങിയ കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ വഴിയൊരുക്കപ്പെട്ടതെന്നാണ് നിഗമനം. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക്‌ശേഷം രണ്ടരയോടെ വീട്ടിൽ എത്തിച്ചു. പ്രത്യേക ക്രമീകരണത്തോടെ വീട്ടു മുറ്റത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ വിവിധ മേഖലയിലുള്ളവർ നിരവധിപേർ അന്ത്യാഞ്ജലികൾ അർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രാധാമുരളീധരൻ, മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന എ.വി. ഗോപിനാഥ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. മക്കി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശിവദാസൻ ഉൾപ്പെടെ യുള്ളവരും വീട്ടിലെത്തി മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് വൈകീട്ട് നാലുമണിയോടെ മൃതദേഹം ഞാവളിൻക്കടവ് ജുമാമസ്ജീദ് ക ബർസ്ഥാനിൽ കബറടക്കം നടത്തി.