chitoor-shugar-factory

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് എന്ന പഴയ ചിറ്റൂർ ഷുഗർ ഫാക്ടറിക്ക് താഴുവീണിട്ട് രണ്ട് പതിറ്റാണ്ട്. ചാരായത്തിന്റെ കാലം മുതൽ പ്രശസ്തമായ ഷുഗർ ഫാക്ടറി. കാസർകോട് മുതൽ പാലക്കാട് വരെ ചാരായം നിർമ്മിച്ചു നൽകിയത് ഇവിടെ നിന്നായിരുന്നു.

ചിറ്റൂരിലെ കരിമ്പ് കർഷകരുടെയും തൊഴിലാളികളുടെയും പ്രതീക്ഷയായിരുന്നു ഫാക്ടറി. ആധുനികവത്കരണം നടക്കാത്തതും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുമാണ് അതിനെ തകർത്തത്. 113 ഏക്കർ ഭൂമി വേണ്ടപോലെ വിനിയോഗിച്ചില്ല. ശമ്പളത്തിനും മറ്റുമായി ഭൂമി പണയം വച്ചു. കമ്പനി നഷ്ടത്തിലായപ്പോൾ യന്ത്രങ്ങൾ മൂന്ന് കോടി രൂപയ്ക്ക് വിറ്റു. ഉത്തരേന്ത്യൻ ലോബി കുത്തകയാക്കിയ പഞ്ചസാര വിപണിയിൽ ഇടപെടുന്നതിലെ വീഴ്ചയും തകർച്ചയുടെ ആക്കം കൂട്ടി. സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്‌മ മറ്റ് സംരഭങ്ങൾ ആരംഭിക്കാൻ വിലങ്ങുതടിയായി.

 കരകയറാൻ വഴിയേറെ

ജവാൻ പോലെ ഡിമാൻഡുള്ള വില കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ നേട്ടമുണ്ടാക്കാം. ചക്ക,​ മാങ്ങ,​കൈതച്ചക്ക, ജാതിക്ക പോലെയുള്ള പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിച്ചാലും ലാഭത്തിലാക്കാം. ഒട്ടേറെ പേർക്ക് തൊഴിലും സർക്കാരിന് വരുമാനവും ലഭിക്കും.


 13 ഏക്കറിൽ 200 കെട്ടിടങ്ങൾ

1965 ലാണ് മേനോൻപാറയിൽ ഷുഗർ ഫാക്ടറി ആരംഭിക്കുന്നത്. ചിറ്റൂർ, മണ്ണാർക്കാട് താലൂക്കുകൾക്ക് പുറമേ ഇടുക്കി ജില്ലയിലെ മറയൂരിലും തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും നിന്നുള്ള കർഷകരിൽ നിന്ന് കരിമ്പെടുത്ത് പഞ്ചസാര ഉത്പാദിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് ചാരായവും 1996ലെ ചാരായ നിരോധനത്തിനു ശേഷം ടെട്രാ ന്യൂട്രൽ ആൽക്കഹോൾ എന്ന വിദേശ മദ്യത്തിന്റെ അസംസ്‌കൃത വസ്തുവും നിർമ്മിച്ചിരുന്നു. പഞ്ചസാരയുടെ വിലയിടിവും ചാരായ നിരോധനവും സ്ഥാപനത്തെ നഷ്ടത്തിലാക്കി.

13 ഏക്കറിൽ 200 ലധികം കെട്ടിടങ്ങളുണ്ട്. ചിലത് തകർന്നു. ബാക്കി നിലംപൊത്താറായി. അഞ്ഞൂറിലധികം തൊഴിലാളികളുണ്ടായിരുന്നു. മിക്കവരെയും വി.ആർ.എസ് നൽകി പറഞ്ഞുവിട്ടു. നിലവിൽ മലബാർ ഡിസ്റ്റിലറീസിൽ പത്ത് ജീവനക്കാരുണ്ട്. 12 പേർ ഡെപ്യൂട്ടേഷനിൽ ബിവറേജസ് കോർപറേഷനിലാണ്. 1998ലെ ശമ്പളമാണ് ഇപ്പോഴും. 30 വർഷത്തിലധികം ജോലിചെയ്തിട്ടും 15,000 രൂപയിൽ താഴെ മാത്രം.

തൊഴിൽ ഉറപ്പാക്കാൻ തൊഴിലാളിസമരം തുടങ്ങിയതോടെ മലബാർ ഡിസ്റ്റിലറീസ് കമ്പനി രൂപവത്കരിച്ച് വിദേശമദ്യം ഉത്പാദിപ്പിക്കാൻ 2008ൽ സർക്കാർ തീരുമാനിച്ചെങ്കിലും ബ്രൂവറി വിവാദത്തിൽ അതുപേക്ഷിച്ചു. ബ്രാൻഡി,​ വിസ്‌കി,​ റം എന്നിങ്ങനെ അഞ്ച് ബോട്ടലിംഗ് ലൈനുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി.