canal
പോത്തുണ്ടി ജലസേചന കനാലിന്റെ ഇടതുകര കനാൽ തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന വൃത്തിയാക്കുന്നു.

നെന്മാറ: ജില്ലയിൽ രണ്ടാം വിളയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതോടെ ജലസേചന കനാലുകളുടെ നവീകരണത്തിനും തുടക്കമിട്ട് പൊതുമരാമത്ത് - ജലസേചനവകുപ്പുകൾ. മഴ ശക്തമായതോടെ ജില്ലയിലെ അണക്കെട്ടുകളെല്ലാം ജല സമൃദ്ധിയിലാണ്. ഇതാണ് കനാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ ഈ വർഷം നേരത്തെ ആരംഭിക്കാൻ കാരണം. കരാറുകാർ മുഖേന വൃത്തിയാക്കുന്നതിന് പകരം ഈ വർഷവും തൊഴിലുറപ്പ് തൊഴിലാളികളാണ് അതാത് വാർഡുകളിലെ കനാലുകൾ വൃത്തിയാക്കുന്നത്. പ്രധാന കനാൽ, ബ്രാഞ്ച് കനാൽ എന്നിവ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കും. സേനാംഗങ്ങൾക്ക് അവരവരുടെ വാർഡിലെ കനാലുകൾ വൃത്തിയാക്കുന്നതിന് നിശ്ചിത ദൂരം വീതിച്ച് നൽകിയിട്ടുണ്ട്. വാർഡുകളും പഞ്ചായത്തുകളും അതിരിടുന്ന സ്ഥലങ്ങളിൽ ഇരു വാർഡുകളിലെയും തൊഴിലാളികൾക്ക് പഞ്ചായത്തിൽ നിന്നും തൊഴിലുറപ്പ് മേൽനോട്ട ചുമതലയുള്ള കോഡിനേറ്റർമാർ നിശ്ചിത എണ്ണം പ്രവർത്തി ദിവസവും ദൂരവും അനുവദിച്ചു നൽകും.

മഴ വൈകിയതിനെ തുടർന്ന് ഒന്നാം വിളയ്ക്ക് കുറച്ചുദിവസം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലുകൾ വൃത്തിയാക്കി വെള്ളം വിതരണം നടത്തിയെങ്കിലും മഴ ശക്തമായതോടെ കനാലുകളും പരിസരങ്ങളും വീണ്ടും പാഴ്‌ച്ചെടികളും പുല്ലും വളർന്ന് നീരൊഴുക്കിനെ തടസമാകുന്ന രീതിയിൽ മൂടിയിരിക്കുകയാണ്. പോത്തുണ്ടി ജലസേചന പദ്ധതിയുടെ ഇടതു - വലതു കര പ്രധാന കനാലുകളിലും വൃത്തിയാക്കുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മുൻ വർഷങ്ങളിൽ കരാറുകാർ മുഖേന ജലസേചന കനാലുകൾ വൃത്തിയാക്കുന്നതിന് നീക്കിവയ്ക്കുന്ന തുക തൊഴിലുറപ്പ് മുഖേന പൂർത്തീകരിക്കുവാൻ അതാത് പഞ്ചായത്തുകൾക്ക് കൈമാറും. മൂന്നാഴ്ചയ്ക്കുള്ളിൽ എല്ലാ പ്രദേശങ്ങളിലെയും കനാലുകളുടെ വൃത്തിയാക്കൽ പണി പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ജലസേചന വിഭാഗം അധികൃതർ അറിയിച്ചു.

മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം ഭീഷണി മുതലായവ മൂലം കഴിഞ്ഞ ഒരാഴ്ചയായി തൊഴിലുറപ്പ് പണികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ജോലികൾ പുനരാരംഭിച്ചത്. നെൽകൃഷി മേഖലയിൽ രണ്ടാംവിള നടീൽ ആരംഭിക്കുന്നതിനു മുമ്പ് തൊഴിലുറപ്പ് പണികൾ അവസാനിച്ചില്ലെങ്കിൽ ഞാറു നടീലും മറ്റും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് പ്രദേശത്തെ കർഷകരും ആശങ്ക പങ്കുവെച്ചു.