വടക്കഞ്ചേരി: നിർമ്മാണ മേഖലയിലെ സാമഗ്രികളുടെ വിലക്കയറ്റം ഉപഭോക്താക്കൾക്കൊപ്പം വ്യാപാരികളെയും കരാറുകാരെയും പ്രതിസന്ധിയിലാക്കുന്നു. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ നിന്നും കരകയറിവരുന്ന വേളയിലാണ് സാമഗ്രികളുടെ വിലവർദ്ധനവ് ഈ മേഖലയെ പിറകോട്ടടിക്കുന്നത്. രണ്ടുമാസം മുമ്പുവരെ ചാക്ക് ഒന്നിന് 340 രൂപയായിരുന്നു സിമന്റിന്റെ വില. ബ്രാന്റഡ് കമ്പനികളുടേതിന് ചാക്കിന് 40 മുതൽ 50 രൂപവരെ കൂടുതലായിരുന്നു (390). ഒരു മാസം കൊണ്ട് ഇവ യഥാക്രമം 440ഉം 470ഉം രൂപയായി. വിലക്കയറ്റം കാരണം നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയടക്കം തുടർ പ്രവൃത്തികൾ പലയിടങ്ങളിലും നിറുത്തിവച്ചിരിക്കുകയാണ്.
കെട്ടിട നിർമ്മാണത്തിന് അടിസ്ഥാനമായി വേണ്ട കരിങ്കല്ലിന് 2100ൽ നിന്നും 3300 രൂപയായി വർദ്ധിച്ചു. 1200 രൂപയാണ് കുത്തനെ കൂടിയത്. വയറിംഗ് സാമഗ്രികൾക്കും 45 ശതമാനത്തോളം വില കൂടിയിട്ടുണ്ട്. ദിവസവും റോക്കറ്റുപോലെ പായുന്ന ഇന്ധനവിലയാണ് നിർമ്മാണ സാധനങ്ങൾക്ക് വില കൂടാൻ കാരണമായി പറയുന്നത്. ഇന്ധന വില വർദ്ധനവ് മൂലം ക്രഷർ യൂണിറ്റുകൾക്ക് വില കൂട്ടേണ്ടി വന്നു. ഹോൾസെയിലിൽ സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ റീട്ടെയിൽ മേഖലക്കാരും പ്രതിസന്ധിയിലായി.
വില കൂടിയ സാഹചര്യത്തിൽ കരാറുകാർ പുതിയ പ്രവൃത്തികൾ ആരംഭിക്കുന്നതും പരിമിതമാണ്. റീട്ടെയിൽ കടകളിൽ നേരത്തെ എടുത്തുവച്ച സിമന്റും മറ്റും കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഓർഡറുകൾക്ക് അനുസരിച്ചാണ് സ്റ്റോക്ക് എടുത്തതെന്നത് എന്നത് നഷ്ടം ഒഴിവാക്കുന്നുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ വില വർദ്ധനവില്ലെന്നും കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ വില വർദ്ധനവെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
കീശ കാലിയാവും
നിർമ്മാണ മേഖലയിലെ വില വർദ്ധനവ് സാധാരണക്കാരെയാണ് വലിയ രീതിയിൽ ബാധിക്കുന്നത്. ചെറിയ ബഡ്ജറ്റിൽ വീട് നിർമ്മിക്കാൻ ഉദ്ദേശിച്ചവർക്ക് ചെലവ് താങ്ങാനാവില്ല. നിർമ്മാണ തൊഴിലാളികളുടെ മിനിമം വേതനം ആയിരം രൂപയാണ്. സാമഗ്രികളുടെ വിലയോടൊപ്പം ഇത്തരം ചെലവുകളും വഹിക്കേണ്ടി വരുന്നതോടെ വില കുറയാൻ കാത്തിരിക്കുകയാണ് പലരും.
ലൈഫ് പദ്ധതിയുടെ പണികളും മുടങ്ങും
നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിൽ വീടുകൾക്കായി അനുവദിക്കുന്നത്. പണി നടക്കുന്ന നാല് ഘട്ടങ്ങളിലായാണ് തുക നൽകുക. സാമഗ്രികളുടെ വില കൂടിയ സാഹചര്യത്തിൽ നാല് ലക്ഷം രൂപയിൽ വീട് നിർമ്മിക്കാനാവില്ല. ഈ അവസ്ഥയിൽ നിർമ്മാണ പ്രവൃത്തികൾ മുടങ്ങിപ്പോവാനുള്ള സാദ്ധ്യതകളുമുണ്ട്.
കഴിഞ്ഞ മാസത്തെ വില
സിമന്റ് : 380 രൂപ
കമ്പി : 55 രൂപ (കിലോ)
കരിങ്കല്ല് : 2100
ഒക്ടോബറിലെ വില
സിമന്റ് : 470 രൂപ
കമ്പി : 75 രൂപ (കിലോയ്ക്)
കരിങ്കല്ല് : 3300 രൂപ