booster

പാലക്കാട്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകളുടെ വിതരണം ആരംഭിച്ചു. മൂന്നുദിവസം സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഡിസ്‌പെൻസറികളിലും മരുന്ന് വിതണമുണ്ടാകും. കരുതലോടെ മുന്നോട്ട് എന്ന ഹോമിയോപ്പതി വകുപ്പിന്റെ കർമ്മപദ്ധതിയുടെ ഭാഗമായി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായാണ് മരുന്ന് നൽകുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ജില്ലയിലെ പരമാവധി വിദ്യാർത്ഥികൾക്ക് മരുന്ന് നൽകാനാണ് ഹോമിയോപ്പതി വകുപ്പ് ലക്ഷ്യമിടുന്നത്. ആയുഷ്, ഹോമിയോപ്പതി, പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ വകുപ്പുകളും നാഷണൽ ഹെൽത്ത് മിഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

രക്ഷിതാക്കളുടെ സമ്മതപത്രം ലഭ്യമാക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് മരുന്ന് നൽകുന്നത്. ഓരോ 21 ദിവസം കൂടുമ്പോഴും തുടർച്ചയായി മൂന്നു ദിവസം ഗുളിക ആവർത്തിച്ച് കഴിക്കണം. ജില്ലയിലെ സർക്കാർ / എൻ.എച്ച്.എം ഡോക്ടർമാർക്ക് പുറമേ സ്വകാര്യ ഹോമിയോ ഡോക്ടർമാരും ഇതിൽ പങ്കാളികളാണ്. www.ahims.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന കുട്ടിയുടെ ആധാർ നമ്പറോ രക്ഷിതാവിന്റെ ഫോൺ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് സൗകര്യപ്രദമായ വിതരണകേന്ദ്രം തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ അറിയിക്കുന്ന നിശ്ചിത തിയതിയിലെത്തി മരുന്ന് കൈപ്പറ്റാം.

 എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ നാല് ലക്ഷത്തിലധികം കുട്ടികൾക്കും മരുന്ന് വിതരണം ചെയ്യും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കൽപ്പാത്തി ഹോമിയോപ്പതി ആശുപത്രിയിൽ നടക്കും.

ഡോ. സി.വി.ഉമ, അഡി. ഡി.എം.ഒ, ഹോമിയോപ്പതി, പാലക്കാട്