fire

പാലക്കാട്: പുതുപ്പള്ളിത്തെരുവിലെ ഫ്ളാറ്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് പൂളക്കാടുള്ള മൂന്ന് നില ഫ്ളാറ്റിൽ തീപിടിത്തമുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റിൽ തീപടർന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടുകയായിരുന്നു. പുക ഉയരാൻ തുടങ്ങിയത് കണ്ട ഉടനെ തന്നെ നാട്ടുകാർ പ്രദേശത്തെ കൗൺസിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൗൺസിലറും വെൽഫെയർ സന്നദ്ധപ്രവർത്തകരും ചേർന്ന് ഫ്ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിച്ചു. കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു.

തീപടർന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്ളാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് അഗ്നിബാധയുണ്ടായ ഫ്ളാറ്റിൽ താമസിക്കുന്നത്.