പാലക്കാട്: മാവിലെ കീടങ്ങളെ തുരത്താൻ വിദഗ്ധാഭിപ്രായം തേടിയ ശേഷം മാത്രമേ കീടനാശിനി പ്രയോഗിക്കാവൂ എന്ന മുന്നറിയിപ്പുമായി കൃഷി വകുപ്പ്. മാംഗോസിറ്റിയിൽ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തുകളിലായി ആറായിരത്തിലധികം ഹെക്ടർ പ്രദേശത്താണ് മാവിൻ തോട്ടങ്ങൾ ഉള്ളത്. കീടശല്യം വ്യാപകമായതോടെ കർഷകർ വിവിധ കമ്പനികൾ നിർദ്ദേശിക്കുന്ന കീടനാശിനികൾ തോട്ടങ്ങളിൽ പ്രയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് കൃഷിവകുപ്പ് ജാഗ്രതാ നിർദ്ദേശവുമായി മുന്നോട്ട് വന്നത്.
സർക്കാർ നിരോധിച്ചതും നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കീടനാശിനികൾ ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രയിലെ വിദഗ്ധർ പറഞ്ഞു. പൂക്കൾ കരിഞ്ഞുണങ്ങുന്നതിന് കാരണമാകുന്ന പുഴുക്കൾക്കും കീടങ്ങൾക്കും എതിരെയാണ് കീടനാശിനി പ്രയോഗം വ്യാപകമായിട്ടുള്ളത്. മാവിന് രോഗങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ കീടനാശിനി കമ്പനികളുടെ പ്രതിനിധികൾ മുതലമടയിലെ മാവ് കർഷകരെ നേരിൽ കണ്ട് നിർദ്ദേശിക്കുന്ന കീടനാശിനികളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. ഇത് തുടർന്നാൽ ഉത്പാദനത്തെയും മാവിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കീടനാശിനി പ്രയോഗം ഒരു സീസണിൽ ഏഴു തവണ
തമിഴ്നാട്ടിൽ നിന്നാണ് സംസ്ഥാനത്ത് നിരോധിച്ച കീടനാശിനികൾ കർഷകർ വാങ്ങുന്നത്. വലിയ കന്നാസുകളിൽ വെള്ളത്തോടൊപ്പം കലർത്തിയാണ് മാരക കീടനാശിനികൾ മാവിൻതോട്ടങ്ങളിൽ പ്രയോഗിക്കാൻ കൊണ്ടുപോകുന്നത്. സാധാരണ രീതിയിൽ ഒരു സീസണിൽ നാല് തവണകളിലായി കീടനാശിനി ഉപയോഗം നടത്തിയ തോട്ടങ്ങളിൽ നിലവിൽ ഏഴിലധികം തവണകളായി കിടനാശിനി ഉപയോഗിക്കുന്നു. മാവ് പൂക്കുന്നതു മുതൽ കായകൾ നെല്ലിക്കയുടെ വലുപ്പം ഉണ്ടാകുന്നതുവരെ കീട ആക്രമണം ഉണ്ടാകും. ഇതിനെതിരെ കൃഷിഭവനുകളെ സമീപിച്ച് അഭിപ്രായം ശേഖരിച്ച ശേഷമേ കീടനാശിനി ഉപയോഗിക്കാവൂ എന്നാണ് അധികൃതരുടെ ആവശ്യം.