ചെർപ്പുളശ്ശേരി: കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഗതാഗത പരിഷ്‌കരണങ്ങളെല്ലാം താളം തെറ്റിയതോടെ ചെർപ്പുളശ്ശേരി നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഏറെനാൾ കൊവിഡും ലോക്ക് ഡൗണും കാരണം നഗരം നിശ്ചലാവസ്ഥയിലായിയുന്നു. എന്നാൽ, ഇപ്പോൾ ഇളവുകളെ തുടർന്ന് പതിയെ വിപണികൾ തിരിച്ചു വരുന്നതിനിടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചത്. നേരത്തെ അനധികൃത പാർക്കിംഗ്, വഴിയോര കച്ചവടം എന്നിവക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുകയും ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കുകയും ചെയ്തതോടെ നഗരത്തിലെ തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം പഴയപടിയായി. ഹൈസ്‌കൂൾ റോഡ് ജംഗ്ഷൻ, ഒറ്റപ്പാലം റോഡ് ജംഗ്ഷൻ, ഗവ. ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് എല്ലായിപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. നവംബർ ഒന്നിന് സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ഈ തിരക്ക് വർദ്ധിക്കും. പാർക്കിംഗിന് സ്ഥലമില്ലെന്നതാണ് നഗരം നേരിടുന്ന പ്രധാന പ്രശ്നം. നഗരത്തിൽ പലയിടത്തും റോഡ് തകർന്നു കിടക്കുന്നതും ഗതാഗത കുരുക്കിന് കാരണമാണ്.