പാലക്കാട്: ജില്ലയിൽ ഒക്‌ടോബർ ഒന്നു മുതൽ 24 വരെ ലഭിച്ചത് 168 ശതമാനം അധികമഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള സീസണിൽ ആകെ ലഭിക്കേണ്ടത് 403.3 മഴയാണ്. എന്നാൽ, നിലവിൽ 521.7 മില്ലിമീറ്റർ മഴ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 92 ദിവസം ലഭിക്കേണ്ട മഴയെക്കാൾ കൂടുതലാണിത്.
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. ഇടി മിന്നലോട് കൂടിയ മഴ അടുത്ത അഞ്ചുദിവസം വരെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിച്ചു. ഇന്ന് പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.