kalpathy

പാലക്കാട് : കൽപാത്തി രഥോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് സമ്മേളന ഹാളിൽ നടക്കും. രഥോത്സവ നടത്തിപ്പു ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നവംബർ എട്ടിനാണ് രഥോത്സവത്തിന് കൊടിയേറുക. അതിന് മുമ്പ് നിരവധി ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷം കൊവിഡിന്റെ പശ്ചാത്തലത്തിൽ രഥോത്സവം ചടങ്ങിൽ മാത്രം ഒതുങ്ങിയിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് വ്യാപനകുറവിനൊപ്പം ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പിൻവലിച്ചതോടെ പരാമ്പരാഗത ചടങ്ങുകളോടെയും നിയന്ത്രണത്തിന് വിധേയമായി ആഘോഷമാക്കി നടത്തുന്നതിനുള്ള ഉത്തരവ് ലഭിക്കുമെന്ന കാത്തിരിപ്പിലാണ് അഗ്രഹാര നിവാസികൾ.

രഥോത്സവത്തിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കെ യാതൊരു ഒരുക്കങ്ങളും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. 2019ൽ നിർത്തിയിട്ട രഥങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. തീരുമാനം ഉണ്ടായാൽ മാത്രമേ അറ്റകുറ്റപ്പണി നടത്താനാകൂ. ഇപ്പോൾ തേരിന്റെ അറ്റകുറ്റപ്പണി തുടങ്ങിയാൽ മാത്രമേ രഥോത്സവത്തിന് മുമ്പേ നിർമ്മാണം പൂർത്തിയാകൂ. അതേസമയം രഥോത്സവത്തിന് അനുമതി ലഭിക്കുമെന്ന വിശ്വാസത്തിൽ അഗ്രഹാരങ്ങളിലും ക്ഷേത്രത്തിലും ഒരുക്കങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
ക്ഷേത്രവും പരിസരവും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. പതിവ് ആരവമൊന്നുമില്ലെങ്കിലും അഗ്രഹാര വീഥികളിലൂടെ രഥോത്സവം ആഘോഷത്തോടെ നടത്താനാകുമെന്ന വിശ്വാസത്തിലാണ് അഗ്രഹാരവാസികളും ക്ഷേത്രഭാരവാഹികളും.