പ്രതിദിന സംഭരണം - 255317 ലിറ്റർ
ജില്ലയിൽ ആകെ ക്ഷീരകർഷർ- 25000
പാലക്കാട്: ശക്തമായ മഴയിലും കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ പാൽ സംഭരണത്തിൽ വർദ്ധനവുമായി മിൽമ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മാസം പ്രതിദിന സംരണത്തിൽ എട്ടു ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനമാണ് പാൽ ഉത്പാദനം വർദ്ധിക്കാൻ കാരണം. 2020ൽ ഒക്ടോബറിൽ ജില്ലയിൽ പ്രതിദിനം ശരാശരി 2,09,891 ലിറ്റർ സംഭരിച്ചിരുന്നിടത്ത് ഇത്തവണ 2,55,317 ലിറ്റർ പാലാണ് സംഭരിക്കുന്നത്.
സെപ്തംബറിന്റെ തുടക്കത്തിൽ മാത്രാണ് മഴ കാരണം പാൽ ഉത്പാദനത്തിൽ ചെറിയതോതിൽ കുറവ് സംഭവിച്ചത്. നിലവിലെ കൊവിഡ് പ്രതിസന്ധിയിൽ ഉത്പാദനം കൂടിയത് ക്ഷീരകർഷർക്ക് വലിയ ആശ്വാസമാണ്. മലബാർ മേഖലയിൽ ഒരു ലക്ഷത്തിലധികം ക്ഷീരകർഷകരാണ് ഉള്ളത്. ഇതിൽ കൂടുതലും പാലക്കാട് ജില്ലയിലാണ്. ജില്ലയിൽ മാത്രം 25000 ക്ഷീരകർഷകരുണ്ടെന്നാണ് കണക്ക്. ഇതിൽ പാലക്കാട് ഡെയറിയിൽ മാത്രം 19,000 ക്ഷീരകർഷകർ പാലളക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയ്ക്കു ശേഷം കൂടുതൽ പേരും ജീവിത വരുമാനത്തിനായി രണ്ട്, മൂന്ന് പശുക്കളെ വാങ്ങി ക്ഷീരമേഖലയിലേക്ക് തിരിഞ്ഞു. ഇതും പാൽ സംഭരണത്തിലുള്ള വർദ്ധനവിന കാരണമായെന്ന് മിൽമ അധികൃതർ പറയുന്നു.
മഴ തുടരുന്നതിനാൽ തീറ്റ പുല്ല് ഉൾപ്പെടെയുള്ളവയ്ക്ക് വരും മാസങ്ങളിൽ ക്ഷാമം ഉണ്ടാകില്ല. അതിനാൽ നിലവിലെ സംഭരണം ജനുവരി വരെ നീണ്ടുനിൽക്കും. 2019നെ അപേക്ഷിച്ച് 2020ലും ഈ വർഷവുമായി മിൽമ പാലക്കാട് ഡെയറിൽ മാത്രം മിനിമം 1000 ക്ഷീരകർഷകരുടെ വർധനവ് ഉണ്ടായിട്ടുണ്ട്.
കെ.അജിത്ത്,
അസി. മാനേജർ, മലബാർ മേഖല യൂണിയൻ