പാലക്കാട്: മലമ്പുഴ ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലി ഇറങ്ങി. ജില്ലാ ജയിലിനു സമീപമാണ് തിങ്കളാഴ്ച രാത്രി പുലിയെത്തിയത്. ശ്രീ നാരായണ കോളേനി എ.ബി.മൻസിലിൽ താമസിക്കുന്ന ലൈലയുടെ വീട്ടുപടിക്കലാണ് പുലിയെത്തിയത്. രാത്രി പത്തു മണിയോടെ കാറിൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മകൻ അബ്ദുൾ റസാക്ക് കാർ നിർത്തി ഗെയിറ്റ് തുറക്കാനായി ഇറങ്ങിയപ്പോഴാണ് സമീപത്ത് പത്തടി ദൂരം മാറി പുലിയെ കണ്ടത്. വായിൽ ഇരയുമായി സമീപത്തെ കുറ്റിക്കാടു നിറഞ്ഞ ഭാഗത്തു കൂടെ സാവധാനം നടന്നു നീങ്ങുന്നതാണ് കണ്ടത്. ദിവസങ്ങൾക്ക് മുമ്പ് മലമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തുവച്ചും കാറിൽ യാത്ര ചെയ്യുകയായിരുന്ന അബ്ദുൾ റസാക്ക് പുലിയെ കണ്ടതായി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ജില്ലാ ജയിലിനു സമീപത്തുകൂടി പുലി കടന്നു പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈയിടെയായി പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണത്തിലും കുറവുണ്ടെന്ന് പറയുന്നു. ജനവാസ മേഖലയിൽ പതിവായി പുലിയെത്തുന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. പതിവായി പുലിയെ കണ്ടെത്തുന്ന ഈ പ്രദേശത്ത് പുലിയെ കെണിയിൽ വീഴ്ത്താനായി കൂട് സ്ഥാപിക്കണമെന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.