school

പാലക്കാട്: അപ്രതീക്ഷിതമായെത്തിയ മഹാമാരിയെ ഭയന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ സ്കൂളുകൾ​ നീണ്ട ഒന്നരവർഷത്തിനുശേഷം തുറക്കുന്നു. ഒരു വർഷവും ഏഴുമാസവും വീട്ടിലിരുന്ന വിദ്യാർത്ഥികൾ വീണ്ടും അക്ഷരമുറ്റത്തേക്ക് ഓടിയെത്തുമ്പോൾ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് സ്‌കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും. അദ്ധ്യാപകരും ജനപ്രതിനിധികളും പി.ടി.എയും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് ക്ലാസ് മുറികളും സ്കൂൾ പരിസരവും ശുചീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

സ്‌കൂൾ അദ്ധ്യപകരെല്ലാം വാക്സിനേഷൻ സ്വീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ ജീവനക്കാരുടെ വാക്സിനേഷനും ഏകദേശം പൂർത്തിയായി. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം.


നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി പി.ടി.എ യോഗങ്ങൾ ഓൺലൈനായി ചേർന്ന് വിദ്യാർത്ഥികൾക്ക് സുരക്ഷാ നിർദേശം നൽകി. നിലവിൽ ആഴ്ചയിൽ മൂന്നു ദിവസമാണ് ഒരു വിദ്യാർത്ഥി സ്‌കൂളിൽ എത്തേണ്ടത്. ബയോബബിൾ സുരക്ഷാരീതി പ്രകാരം ഒരു സ്ഥലത്തുനിന്നുള്ള വിദ്യാർത്ഥികൾ ഒരേ ദിവസമായിരിക്കും സ്‌കൂളിലെത്തുക. രാവിലെ ഒമ്പതിനും പത്തിനുമിടയിൽ ക്ലാസ് ആരംഭിക്കും. പകൽ ഒന്നുവരെയാണ് ക്ലാസ്. ബയോബബിൾ മാതൃകയിൽ ക്ലാസ് മുറികളൊരുക്കാൻ വിദ്യാർത്ഥികളുടെ വിവരശേഖരണം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 യാത്രാ ചെലവ് ഇരട്ടിയാകും
സ്‌കൂൾ തുറക്കുന്നതിന്റെ ആവേശത്തിലാണ് കുരുന്നുകളെങ്കിലും ആശങ്കയിലാണ് രക്ഷിതാക്കൾ. സ്കൂളിലേക്കുള്ള ബസ് യാത്രയാണ് പ്രധാന വെല്ലുവിളി. ഓട്ടോറിക്ഷയിലും വാനിലുമൊക്കെ വിദ്യാർത്ഥികളെ സ്‌കൂളിൽ വിട്ടിരുന്ന രക്ഷാകർത്താക്കൾക്ക് ഇന്ധനവില വർദ്ധന പ്രതിസന്ധി സൃഷ്ടിക്കും. ഒരു ഓട്ടോയിൽ മൂന്ന് വിദ്യാർഥികളെ മാത്രമേ അനുവദിക്കൂ എന്ന സർക്കാർ നിർദ്ദേശവും തിരിച്ചടിയാകും. അഞ്ചു കിലോമീറ്റർ യാത്രയ്ക്ക് നേരത്തേ 600 – 700 രൂപ നൽകിയിരുന്ന ഓട്ടോകൾ ഇരട്ടിയിലേറെ തുക ഈടാക്കാനും ഇടയുണ്ട്. സാധാരണ കുടുംബങ്ങൾക്ക് ഇത് താങ്ങാനാകില്ല. ബസുകൾ സ്വന്തമായുള്ള സ്‌കൂളുകളിൽ പോലും പ്രതിസന്ധിയുണ്ട്. രണ്ടുപേർ ഇരിക്കാവുന്ന സീറ്റിൽ ഒരാൾക്ക് മാത്രമായിരിക്കും അനുമതി. മാത്രമല്ല, പല സ്‌കൂളിലും ബസുകൾ പലതും പ്രവർത്തനക്ഷമമല്ലാതായി.
സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി.യുമൊക്കെ സർവീസ് നടത്തുന്നുണ്ടെങ്കിലും തിരക്കിൽ വിദ്യാർത്ഥികളെ വിടാൻ രക്ഷിതാക്കൾക്ക് മടിയുണ്ട്. സ്‌കൂളുകളുടെ ആവശ്യ പ്രകാരം കൂടുതൽ കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസുകൾ ആരംഭിക്കാൻ സർക്കാർ തയ്യാറായത് വലിയ ആശ്വാസം നൽകും.

 ശ്രദ്ധ കൈവിടരുത്
 മൂക്കും വായും മറയ്ക്കും വിധം മാസ്‌ക് ധരിക്കണം
 കൈകൾ ഇടയ്ക്ക് അണുവിമുക്തമാക്കണം

 കുട്ടികൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം

 വെള്ളം, പേന, ഭക്ഷണം എന്നിവ പങ്കിടുന്നത് ഒഴിവാക്കണം
 ശുചിമുറികൾ കൃത്യമായ ഇടവേളയിൽ അണുവിമുക്തമാക്കണം
 സ്‌കൂളുകളിൽ രോഗ പരിശോധന രജിസ്റ്റർ സൂക്ഷിക്കും