bus

പാലക്കാട്: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച സ്കൂൾ വാഹനങ്ങളുടെ ഫിറ്റനസ് പരിശോധന പൂർത്തിയാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ ലക്ഷ്യം. എന്നാൽ, രണ്ട് വർഷമായി കട്ടപ്പുറത്തുള്ള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്സ് അടക്കാനും ഫിറ്റ്നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരും.

ജില്ലയിലെ സർക്കാർ - എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ബസുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. തുരുമ്പെടുത്ത് കട്ടപ്പുറത്തായ ബസിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി നല്ലൊരു തുക ചെലവിടണം. ഇതിന് പുറമെ ഒന്നര വര്‍ഷത്തെ ടാക്സ് ഇന്‍ഷ്വറന്‍സ്, ബാറ്ററി, ടയറ് എന്നിവയ്ക്കെല്ലാമായി ബസ് ഒന്നിന് 1,77,000 രൂപയോളം കണ്ടെത്തണം. സര്‍ക്കാര്‍സ്കൂളിൽ ഈ തുകയെല്ലാം പി.ടി.എ കണ്ടേത്തേണ്ടിയും വരും. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പ‌ഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സർക്കാർ സ്കൂളുകളിലും വാഹനം വാങ്ങുന്നത്. കൊവിഡ് കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നതിനാൽ പി.ടി.എക്ക് പണം കണ്ടെത്താൻ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ ഇരിക്കാൻ അനുവദിക്കു എന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതിലും സംശയങ്ങളേറെയുണ്ട്.

എയ്ഡഡ് വിദ്യാലയങ്ങളിൽ സ്കൂള്‍ബസുകളുടെ ചെലവിന്‍റെ ഒരു ഭാഗം മാനേജ്മെന്‍റുകളാണ് വഹിക്കുന്നത്. എങ്കിലും രണ്ടിലേറെ വാഹനങ്ങളുള്ള സ്കൂളുകളാണെങ്കിൽ ചെലവ് ഇരട്ടിയാകും. ഇൻഷ്വറൻസ്, ടാക്സ്, ഫിറ്റ്നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ മേഖലയില്‍ നിന്നുയരുന്ന ആവശ്യം.

പി.ടി.എക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണം. എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക ബുദ്ധിമുട്ടാകും. കെ.എസ്.ആർ.ടി.സി കുട്ടികളെ മാത്രം കൊണ്ട് പോകുന്ന തരത്തിൽ ക്രമീകരിക്കുമെങ്കിലും പ്രതിസന്ധി പരിഹരിക്കപ്പെടുമോ എന്ന് കണ്ടറിയണം.