പാലക്കാട്: ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് രഥോത്സവം നടത്തുന്നതിനായി കൃത്യമായ ആക്ഷൻ പ്ലാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് സമർപ്പിക്കാൻ ജില്ലാ കളക്ടർ മൃൺമയി ജോഷി നിർദ്ദേശിച്ചു. കൽപ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
ജില്ലാ ദുരന്തനിവാരണ അതോറിട്ടി കൂടിയാലോചിച്ച ശേഷം രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പ് നടത്തിയിരുന്നത് പോലെ ക്ഷേത്രം ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടെ രഥോത്സവം നടത്താൻ അനുമതി നൽകണമെന്ന് ക്ഷേത്രം ഭാരവാഹികൾ യോഗത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി 2019, 2020 വർഷങ്ങളിൽ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു. രഥ സംഗമം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഇത്തവണ നടത്തണമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം.
യോഗത്തിൽ എ.ഡി.എം.കെ മണികണ്ഠൻ, പാലക്കാട് സബ് കളക്ടർ ബൽ പ്രീത് സിംഗ്, ഡി.എം.ഒ ഡോ. കെ.പി.റീത്ത, വാർഡ് കൗൺസിലർമാർ, ക്ഷേത്രം ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.