തരൂർ: മഴക്കെടുതിയിൽ നാശ നഷ്ടം നേരിട്ട പാടശേഖരങ്ങളിൽ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ സന്ദർശനം നടത്തി. പാടശേഖര സമിതി പ്രതിനിധികളായ ശിവനാരായണൻ, ശശി തരൂർ, അബ്ദുൾ ഖാദർ, മുഹമ്മദ്, അബ്ദുൾ ഷക്കീർ, സിദ്ധീഖ് എന്നിവരുമായി സംസാരിച്ചു.
തരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.സഹദ്, മുൻ പ്രസിഡന്റ് ആർ.എൻ.വിജയകുമാർ, തരൂർ പഞ്ചായത്തംഗം പി.മനോജ് കുമാർ, ബൂത്ത് പ്രസിഡന്റ് സൈനുദ്ദീൻ കോഴിക്കാട്, ശശി ചമ്മിണി എന്നിവരും പങ്കെടുത്തു.
തരൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കൃഷിനാശം വ്യാപകമാണ്. യഥാ സമയം കൊയ്ത്തു യന്ത്രം ലഭ്യമാകാതിരുന്നത് നഷ്ടത്തിന്റെ തോതു വർദ്ധിപ്പിച്ചു. തരൂർ പഞ്ചായത്തിൽ 40 ഹെക്ടറിലധികം കൃഷി നശിച്ചതായും 70 ലക്ഷം രൂപയുടെ ഉല്പാദന നഷ്ടം ഉണ്ടായതായും കർഷകർ പറയുന്നു. തരൂർ മേഖലയിൽ നെല്ല് സംഭരണം ഊർജിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിലവിലെസ്ഥിതി വിലയിരുത്തി അർഹമായ നഷ്ട പരിഹാരം കർഷകർക്ക് അടിയന്തിരമായി വിതരണം നടത്തണമെന്നും അടുത്ത കൃഷിക്കുള്ള വിത്തും വളവും ഉടനെ ലഭ്യമാക്കണമെന്നും പ്രസിഡന്റ് എ.തങ്കപ്പൻ പ്രിൻസിപ്പൽ കൃഷി ഓഫീസറോട് ആവശ്യപ്പെട്ടു.