സ്മാർട്ട് അംഗൺ വാടികൾ ഒരുങ്ങുന്നത് നാല് പഞ്ചായത്തുകളിൽ
പാലക്കാട്: കുരുന്നുകളെ ആകർഷിക്കാനായി 'സ്മാർട്ട് ' അംഗൺവാടികളുടെ പ്രവർത്തനം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ജില്ലയിലെ തൃത്താല, ചാലിശ്ശേരി, കുഴൽമന്ദം, പെരുങ്ങോട്ടുകുറുശ്ശി എന്നീ പഞ്ചായത്തുകളിലായി നാല് സ്മാർട്ട് അംഗൺവാടികളാണ് ഒരുങ്ങുന്നത്. സ്മാർട്ട് പദ്ധതി, റീ ബിൽഡ് കേരള എന്നിവ വഴി അനുവദിച്ച തുക കൂടാതെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് അംഗൺവാടികൾ സ്മാർട്ടാകുന്നത്.
സ്മാർട്ട് അംഗൺവാടികളിൽ അകത്തും പുറത്തും കളിക്കാൻ ഏറെ സ്ഥലമുണ്ടാവും. കൂടാതെ മുഴുവനായും ശിശുസൗഹൃദമായ വിശാല ക്ലാസ് മുറിയായിരിക്കും ഒരുക്കുക. ഇവയ്ക്കു പുറമെ പ്രത്യേകം ക്രിയേറ്റീവ് സോൺ, ആധുനിക രീതിയിലുള്ള അടുക്കള, ഭക്ഷണശാല, മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റ് എന്നിവയും ഒരുക്കും.
സംസ്ഥാനത്ത് ആകെ 133 സ്മാർട്ട് അംഗൺവാടികളുടെ ജോലികളാണ് പുരോഗമിക്കുന്നത്. സമഗ്ര ശിശുവികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് സ്മാർട്ട് അംഗൺവാടി പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 2020- 21ൽ 88 എണ്ണത്തിനും, 2021- 22ൽ 45 സ്മാർട്ട് അംഗൺവാടികളുടെ നിർമ്മാണത്തിനുമാണ് അനുമതി നൽകിയിട്ടുള്ളത്. രണ്ടര മുതൽ പത്ത് സെന്റ് വരെയുള്ള സ്ഥലത്താണ് സ്മാർട്ട് അംഗൺവാടി ഒരുങ്ങുന്നത്. പത്ത് സെന്റിലെ കെട്ടിടത്തിനും അനുബന്ധ ചെലവിനുമായി 42,92,340 രൂപയാണ് വനിതാ ശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ളത്. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കുക.
'ചായം ' പദ്ധതിയിൽ 21 അംഗൺവാടികളും
അംഗൺവാടികളുടെ മുഖഛായ മാറ്റുന്ന ചായം പദ്ധതി (ചൈൽഡ് ഫ്രണ്ട‌്‌ലി അംഗൺവാടീസ് ഈൽഡ് ത്രൂ അഡോർമെന്റ് ആൻഡ് മേക്കോവർ)യുടെ പ്രവർത്തനവും ജില്ലയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 21 അംഗൺവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ചായം പദ്ധതിയിൽ ഓരോ അങ്കണവാടിക്കും രണ്ട് ലക്ഷം രൂപ വീതമാണ് ലഭിക്കുക.
സ്മാർട്ട് അംഗൺവാടികളുടെ പ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്. കുഴൽമന്ദം പഞ്ചായത്തിലെ അംഗൺവാടിയുടെ പ്രവർത്തങ്ങൾക്കായി എം.എൽ.എ ഫണ്ടിന് ബ്ലോക്കിൽ അലോട്ട്‌മെന്റ് നൽകിയിട്ടുണ്ട്. മറ്റുള്ള പഞ്ചായത്തുകളിൽ പ്രോജക്ട് അന്തിമഘട്ടത്തിലാണ്.
സി.ആർ.ലത, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ, പാലക്കാട്.