പാലക്കാട്: മിൽമയുടെ ഉല്പന്നനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന മിൽമ കെ.എസ്.ആർ.ടി.സി 'ഫുഡ് ട്രക്ക്' പദ്ധതിക്ക് ജില്ലയിൽ നാളെ തുടക്കമാകും. പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സജ്ജമാക്കിയ ആദ്യ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിന് സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്.മണി അദ്ധ്യക്ഷത വഹിക്കും. പാലക്കാട് നഗരസഭ അദ്ധ്യക്ഷൻ പ്രിയ അജയൻ താക്കോൽ കൈമാറും. മലബാർ മേഖല യൂണിയൻ ഡയറക്ടർ കെ.ചെന്താമര, പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.ഉബൈദ് എന്നിവർ പങ്കെടുക്കും.
മിൽമ മലബാർ മേഖല യൂണിയനും കെ.എസ്.ആർ.ടി.സിയും സംയുക്തമായാണ് ഫുഡ് ട്രക്ക് പദ്ധതി നടപ്പാക്കുന്നത്. മിൽമയുടെ എല്ലാ ഉല്പന്നങ്ങളും ന്യായമായ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ.എസ്.ആർ.ടി.സിയുടെ പഴയ ബസുകൾ മിൽമ ഏറ്റെടുത്ത് നവീകരിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വ്യാവസായിക പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചാണ് മിൽമ ഉല്പപന്നങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി കെ.എസ്.ആർ.ടി.സിക്ക് മിൽമ പ്രതിമാസ വാടകയും നൽകും.
കെ.എസ്.ആർ.ടി.സി പഴയ ബസ് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് ഫുഡ് ട്രക്കാക്കി മാറ്റിയത്. സ്റ്റാൻഡിന് മുന്നിൽ പാർക്ക് ചെയ്ത ഫുഡ് ട്രക്കിൽ നിന്ന് മിൽമയുടെ ഉല്പന്നങ്ങൾക്കൊപ്പം ചായ, ഐസ്‌ക്രീം, പലഹാരങ്ങൾ എന്നിവയും പൊതുജനങ്ങൾക്ക് ലഭ്യമാകും. ഫുഡ് ട്രക്കിനകത്ത് ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്റ്റാന്റുകൾക്കു പുറമേ ഇരുന്ന് കഴിക്കുന്നതിനുള്ള രണ്ട് മേശയും സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ ഒരേസമയം എട്ട് പേർക്ക് ഇരുന്ന് ഭക്ഷണവും കഴിക്കാമെന്ന് അധികൃതർ പറഞ്ഞു.