മണ്ണാർക്കാട്: തെരുവുനായ ശല്യത്തിന് പരിഹാരമായി. തെരുവുനായ വന്ധ്യംകരണം തുടങ്ങി. നഗരസഭ 2016- 17, 2018-19 വർഷങ്ങളിലായി 5,00,000 രൂപ വീതം ആകെ പത്തു ലക്ഷംവന്ധ്യംകരണ പദ്ധതിക്കായി ജില്ലാ പഞ്ചായത്തിൽ ഒടുക്കിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. സ്ഥലസൗകര്യ കുറവ് ചൂണ്ടികാണിച്ച് പദ്ധതി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ സ്വന്തം ചെലവിൽ സ്ഥലവും മറ്റ് സൗകര്യങ്ങളും ചെയ്തു കൊടുത്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ജില്ലാ പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ്, നഗരസഭാ അധികൃതരുമായി സഹകരിച്ച് തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു.