പാലക്കാട്: മഴയുടെ ശക്തി കുറഞ്ഞതോടെ ഒരാഴ്ചയിലധികം അടച്ചിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. നിലവിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. മലമ്പുഴ ഡാം ഉദ്യാനത്തിൽ നിലവിൽ പ്രതിദിനം ശരാശരി 30,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്കുണ്ടാവുന്നത്. പോത്തുണ്ടി ഉദ്യാനത്തിൽ സാഹസിക ടൂറിസം ഉൾപ്പെടെ തുറന്നിട്ടുണ്ട്. ഡാമിലെ ഒരു ഷട്ടറാണ് നിലവിൽ തുറന്നിരിക്കുന്നത്. ഇവിടെ ശരാശരി 8000 രൂപ വരെ പ്രതിദിന കളക്ഷൻ ലഭിക്കുന്നുണ്ട്. മംഗലം ഡാം ഉദ്യാനത്തിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെ കീഴിലുള്ള വെള്ളിയാങ്കല്ല് പൈതൃക പാർക്കും കഴിഞ്ഞദിവസം മുതൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. അതേസമയം നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശനം പ്രദേശവാസികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴയിൽ ചുരം റോഡിലെ നിരവധി ഭാഗത്ത് മണ്ണിടിച്ചിലും മറ്റും ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഈ മാസം 18 മുതലാണ് ഡാം ഉദ്യാനങ്ങൾ, മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചത്.